പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
|ജിനാഫും ഷഹീലുമാണ് ഇർഷാദിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം
കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേർ കൂടി അറസ്റ്റിലായി. വയനാട് സ്വദേശികളായ ജിനാഫ്, ഷഹീൽ എന്നിവരെയാണ് പേരമ്പ്ര എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
ജിനാഫും ഷഹീലുമാണ് ഇർഷാദിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നേരത്തെ വയനാട്ടിൽ നിന്നെന്ന പേരില്‍ ഇർഷാദിന്റെ വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു. കൂടാതെ കേസിലെ മറ്റൊരാൾ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം തട്ടിക്കൊണ്ടു പോകുന്നതിനിടെ കോരപ്പുഴയിൽ ചാടി ഇർഷാദ് രക്ഷപ്പെട്ടു എന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടത്തുന്നുണ്ട്. സംഭവത്തിൽ സമീപവാസികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ആറംഘ സംഘം കാറിലെത്തുകയും അതിലൊരാൾ പുഴയിൽ ചാടുന്നതായും കണ്ടവരുണ്ട്. അത് കൂടാതെ ചാലിയാറിൽ നിന്നും ലഭിച്ച മൃതദേഹത്തിന്റെ ഡിഎൻഎ യും പൊലീസ് പരിശേധിക്കും.
പന്തരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു പരാതി. ദുബായിൽ നിന്ന് കഴിഞ്ഞ മെയിലാണ് ഇർഷാദ് നാട്ടിലെത്തിയത്. തുടർന്ന് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരൻറെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിൻറെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു.