കണ്ണൂരിലെ അവയവക്കച്ചവട പരാതി: യുവതിയുടെ ഭർത്താവിനും ഇടനിലക്കാരനുമെതിരെ കേസ്
|അവയവ വിൽപ്പനയിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധ ഭീഷണിയുണ്ടായെന്നും യുവതി വെളിപ്പെടുത്തിയിരുന്നു
കണ്ണൂര്: അവയവം വിൽപന നടത്താൻ ഭീഷണിപ്പെടുത്തിയെന്ന ആദിവാസി യുവതിയുടെ പരാതിയിൽ യുവതിയുടെ ഭർത്താവിനും ഇടനിലക്കാരൻ ബെന്നിക്കുമെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ കേളകം പൊലീസാണ് കേസെടുത്തത്. വധഭീഷണി, വീട്ടിൽ അതിക്രമിച്ചു കടക്കൽ, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. അവയവക്കച്ചവടത്തിന് ശ്രമിച്ചതിനെ കുറിച്ച് എഫ്ഐആറിൽ പറയുന്നില്ല.
ഭർത്താവും ഇടനിലക്കാരനും ചേർന്ന് അവയവ കച്ചവടത്തിന് നിർബന്ധിച്ചെന്ന് ആദിവാസി യുവതി കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. കണ്ണൂർ നെടുംപൊയിൽ സ്വദേശിനിക്ക് വൃക്ക ദാനം ചെയ്യാൻ ഇടനിലക്കാരൻ ഒമ്പത് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അവയവ വിൽപ്പനയിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധ ഭീഷണിയുണ്ടായെന്നും യുവതി മീഡിയവണിനോട് പറഞ്ഞിരുന്നു.
അവയവ കച്ചവടത്തിനായി ആദ്യം ഇടനിലക്കാർ ബന്ധപ്പെട്ടത് യുവതിയുടെ ഭർത്താവിനെയാണ്. ആറ് ലക്ഷം രൂപയ്ക്കാണ് എട്ടുവർഷം മുൻപ് ഭർത്താവിന്റെ വൃക്ക വിൽപ്പന നടത്തിയത്. ഒന്നര വർഷം മുമ്പ് ഇതേ ഇടനിലക്കാരൻ വീണ്ടും യുവതിയുടെ വീട്ടിലെത്തി. ഇത്തവണ ആവശ്യപ്പെട്ടത് 29കാരിയായ യുവതിയുടെ വൃക്കയായിരുന്നു. പ്രതിഫലമായി ഒമ്പതുലക്ഷം രൂപയും വാഗ്ദാനം ചെയ്തു.
പിന്നാലെ ഇടനിലക്കാരനും ഭർത്താവും ചേർന്ന് യുവതിയെ ആലുവയിൽ എത്തിച്ചു. താൽക്കാലിക മേൽവിലാസം ഉണ്ടാക്കി വൃക്ക കൈമാറ്റത്തിനുള്ള രേഖകൾ എല്ലാം തരപ്പെടുത്തി. പിന്നാലെ മെഡിക്കൽ ടെസ്റ്റുകളും പൂർത്തിയാക്കി. എന്നാൽ സർജറിക്കുള്ള ഡേറ്റ് നിശ്ചയിച്ചതിന് പിന്നാലെ വൃക്ക നൽകാനുള്ള തീരുമാനത്തിൽ നിന്ന് യുവതി പിന്മാറുകയായിരുന്നു.
തിരികെ വീട്ടിലെത്തിയതിനു ശേഷം ഏജന്റും ഭർത്താവും ചേർന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഇതോടെയാണ് ഒന്നര മാസം മുമ്പ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ നടപടി ഒന്നുമുണ്ടായില്ല. ഇടനിലക്കാരനായ ബെന്നി മുഖാന്തരം മറ്റു പലരും അവയവക്കച്ചവടത്തിന് ഇരയായിട്ടുണ്ടെന്നാണ് യുവതിയുടെ ആരോപണം.