Kerala
കിഫ്ബിയിൽ സർക്കാരിനു തിരിച്ചടി; ഇ.ഡി അന്വേഷണത്തിന് സ്റ്റേയില്ല
Kerala

കിഫ്ബിയിൽ സർക്കാരിനു തിരിച്ചടി; ഇ.ഡി അന്വേഷണത്തിന് സ്റ്റേയില്ല

Web Desk
|
16 Aug 2022 6:11 AM GMT

ഇ.ഡി അയച്ച സമൻസ് റദ്ദാക്കണമെന്ന കിഫ്ബിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല

കൊച്ചി: കിഫ്ബി മസാല ബോണ്ടിൽ സർക്കാരിന് കോടതിയിൽ തിരിച്ചടി. മസാല ബോണ്ടിന്റെ പേരിലുള്ള ഇ.ഡിയുടെ നടപടി സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇ.ഡിയോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട കോടതി ഹരജി അടുത്തമാസം രണ്ടിന് പരിഗണിക്കാൻ മാറ്റി.

വിദേശനാണ്യ വിനിമയച്ചട്ടത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സി.ഇ.ഒ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ഇ.ഡി സമൻസ് അയച്ചത് ചോദ്യം ചെയ്താണ് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചത്. ഇ.ഡി അയച്ച സമൻസ് റദ്ദാക്കണമെന്നായിരുന്നു കിഫ്ബിയുടെ ആവശ്യം. എന്നാൽ, കിഫ്ബി ഫെമ ലംഘനം നടത്തിയതായി സംശയമുണ്ടെന്നും സി.എ.ജി റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരെ കൂടുതൽ ചോദ്യംചെയ്താലേ കാര്യങ്ങൾ വ്യക്തമാകൂവെന്നും ഇ.ഡി അഭിഭാഷകൻ വ്യക്തമാക്കിയതിനെ തുടർന്നാണ് ഹരജി മാറ്റിയത്.

കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരടക്കമാണ് കോടതിയെ സമീപിച്ചത്. വിദേശനാണ്യ വിനിമയച്ചട്ടത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സി.ഇ.ഒ അടക്കമുള്ളവർക്ക് ഇ.ഡി സമൻസ് അയച്ചത് ഉദ്യോഗസ്ഥരെ മനപ്പൂർവം ബുദ്ധിമുട്ടിക്കാനാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ഒന്നര വർഷമായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ളവർക്ക് പിന്നാലെയാണ് ഇ.ഡിയെന്നും പരാതിയുണ്ട്.

വികസന ആവശ്യങ്ങൾക്കായി റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്ന് ഹരജിയിൽ പറയുന്നു. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ.ഡിക്കല്ല, റിസർവ് ബാങ്കിനാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ 2021 മാർച്ച് മുതൽ ഇ.ഡി സമൻസ് അയച്ചു ബുദ്ധിമുട്ടിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു. സമൻസിനെതിരെ മുൻ മന്ത്രി തോമസ് ഐസക്ക് നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലാണ്.

Summary: The High Court did not accept KIIFB's request to stay the ED's proceedings in the Masala Bond case

Similar Posts