മസാല ബോണ്ടിൽ വ്യക്തമായ പങ്ക്, ഒഴിഞ്ഞുമാറാനാകില്ല; തോമസ് ഐസക്കിനെ വിടാതെ ഇഡി
|തീരുമാനങ്ങളെല്ലാം എടുത്തത് മുഖ്യമന്ത്രിയാണെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം
തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന്റെ മറുപടി തള്ളി ഇ.ഡി. മസാല ബോണ്ട് ഇറക്കിയതിൽ തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ട്. കിഫ്‌ബിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. കിഫ്‌ബിയുടെ യോഗ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ഐസകാണെന്നും ഇ.ഡി പറയുന്നു. കിഫ്‌ബി ഡയക്ടർ ബോർഡ് യോഗത്തിന്റെ മിനുട്സ് മീഡിയവണിന് ലഭിച്ചു.
ഹൈക്കോടതി ഇടപെടലിന് പിന്നാലെ രണ്ടുതവണ ഇഡി തോമസ് ഐസക്കിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, രണ്ടുതവണയും ചോദ്യം ചെയ്യലിന് തോമസ് ഐസക് ഹാജരായില്ല.കിഫ്‌ബി മസാല ബോണ്ട് കേസിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ഇഡിയുടെ നോട്ടീസിന് മറുപടി നൽകുകയും ചെയ്തു. തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്നും ഏഴ് പേജുള്ള മറുപടിയിൽ പറയുന്നു.
തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് മുഖ്യമന്ത്രി ചെയർമാനായ ബോർഡാണ്. 17 അംഗ ഡയക്ടർബോർഡാണ് കാര്യങ്ങൾ തീരുമാനിച്ചത്. ധനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നു. ധനമന്ത്രിസ്ഥാനം ഒഴിഞ്ഞതോട് കൂടി തനിക്ക് ഇതിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും തോമസ് ഐസക് നൽകിയ മറുപടിയിൽ പറയുന്നു. എന്നാൽ, ഇത് പൂർണമായും തള്ളിയ ഇഡി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് നൽകും.