കിളിക്കൊല്ലൂരില്‍ സൈനികനെയും സഹോദരനെയും മര്‍ദിച്ച സംഭവം: സസ്‌പെൻഷനിലായിരുന്ന നാല് പൊലീസുകാരെ തിരിച്ചെടുത്തു
|എസ്.എച്ച്.ഒ വിനോദ് , എസ്.ഐ അനീഷ് എ.പി, എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, സി.പി.ഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് തിരിച്ചെടുത്തത്
കൊല്ലം: കിളികൊല്ലൂരില സഹോദരങ്ങളെ മർദിച്ചെന്ന കേസിൽ സസ്പെൻഷനിലായിരുന്ന നാല് പൊലീസുകാരെ തിരിച്ചെടുത്തു. എസ് എച്ച് ഒ വിനോദ് , എസ് ഐ അനീഷ് എ പി, എ എസ് ഐ പ്രകാശ് ചന്ദ്രൻ, സി പി ഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് തിരിച്ചെടുത്തത് .
കഴിഞ്ഞ വർഷം ആഗസറ്റിലാണ് വിഘ്നേഷിനെയും സൈനികനായ വിഷ്ണുവിനെയും പൊലീസ് സ്റ്റേഷനിൽ മർദിച്ചുവെന്ന് ആരോപിച്ച് സഹോദരങ്ങൾ രംഗത്തെത്തിയത്. പൊലീസിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് കമ്മീഷണർ ദക്ഷിണ മേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐ വിനോദ്, എസ്ഐ അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ എന്നിവരെ സസ്‌പെൻഡ് ചെയ്തത്.
എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനില്‍നിന്ന് നാലുപേരെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇവരെ കാണാന്‍ അനുവദിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനില്‍ കടന്ന് പൊലീസുകാരനെ ആക്രമിച്ചു എന്നാണ് ഇവർക്കെതിരെയെടുത്ത കേസ്. സംഭവം വിവാദമായതോടെ പൊലീസുകാരെ സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.