കൊലയാളി പരാമർശം; കെകെ രമ എംഎൽഎയെ കുറ്റവിമുക്തയാക്കി
|അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് രമ ഉൾപ്പടെ ആർഎംപി മൂന്ന് നേതാക്കൾക്കുമെതിരെ പി ജയരാജൻ വക്കീൽ നോട്ടീസും അയച്ചിരുന്നു
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി പി ജയരാജനെ കൊലയാളി എന്ന് വിളിച്ചതിന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ കേസിൽ ആർഎംപി നേതാവ് കെ.കെ.രമ എംഎൽഎയെ കോടതി കുറ്റവിമുക്തയാക്കി.
കോഴിക്കോട് ടൗൺ പൊലീസ് ചാർജ് ചെയ്ത കേസിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. പരാമർശം നടത്തിയപ്പോൾ ജയരാജൻ സ്ഥാനാർത്ഥിയായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജയരാജൻ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്നാണ് കോടിയേരിയുടെ പരാതിയിൽ പറയുന്നത്. രമ നടത്തിയ പ്രസ്താവനയ്ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയത്.
അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് രമ ഉൾപ്പടെ ആർഎംപി മൂന്ന് നേതാക്കൾക്കുമെതിരെ പി ജയരാജൻ വക്കീൽ നോട്ടീസും അയച്ചിരുന്നു.