പശുവിനെ കൊല്ലുന്നതിൽ നിരോധനമുണ്ട്, നിഖിലയുടേത് അറിവില്ലായ്മ: എം.ടി രമേശ്
|നിഖിലയെ പിന്തുണച്ച് എഴുത്തുകാരൻ എം. മുകുന്ദൻ
കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിനും രാജ്യത്തില്ലെന്ന നടി നിഖില വിമലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഭരണഘടനാപരമായി അവകാശമുള്ളതിനാൽ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാൻ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയതെന്ന് എം.ടി. രമേശ് പറഞ്ഞു. ബിജെപി സംഘടിപ്പിച്ച 'കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ?' എന്ന ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി.
ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ പരാമർശം.'നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാൻ പറ്റില്ലെന്ന്. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ലെന്നുള്ള ഒരു സിസ്റ്റമേ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കണമെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് പരിഗണനയൊന്നും ഈ നാട്ടിലില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാറ്റിനെയും വെട്ടാം. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് വംശനാശം വരുന്നത് കൊണ്ടാണ്. ഞാനെന്തും കഴിക്കും. നിർത്തുകയാണെങ്കിൽ എല്ലാം നിർത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ല.' - നിഖില പറഞ്ഞു.
അതേസമയം വിഷയത്തിൽ നിഖില വിമലിനെ പിന്തുണച്ച് എഴുത്തുകാരനായ എം. മുകുന്ദൻ രംഗത്തു വന്നു. പശുവിനെ കൊന്നാൽ കലാപമുണ്ടാകുന്ന നാട്ടിലാണ് നാം ജീവിക്കുന്നതെന്നും എം. മുകുന്ദൻ കൂട്ടിച്ചേർത്തു. ഭക്ഷിക്കുന്നതിന് മൃഗങ്ങളെ കൊല്ലുന്നതിൽ പശുവിന് മാത്രം ഇളവ് നൽകുന്നത് എന്തിനാണ്. പശു ഒരു മൃഗമാണെന്നാണ് നാം പഠിച്ചിരുന്നത്. എന്നാൽ ഇന്ന് പശു ഭയപ്പെടുത്തുന്ന മൃഗമായി മാറിയ കാലത്താണ് നാം ജീവിക്കുന്നതെന്നും മുകുന്ദൻ വ്യക്തമാക്കി.