തെരുവ് നായകളെ കൊന്ന് പ്രകടനം; കുറ്റവിമുക്തരായ നേതാക്കൾക്ക് സ്വർണപതക്കവും ബിരിയാണി കിറ്റും നൽകി സ്വീകരണം
|പാലാ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്
കോട്ടയം: തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടയിൽ കോട്ടയത്ത് തെരുവ് നായ്ക്കളെ കൊന്ന് പ്രകടനം നടത്തിയ കേസിൽ കുറ്റവിമുക്തരായ നേതാക്കൾക്ക് സ്വീകരണം. സ്വർണപ്പതക്കം നൽകിയാണ് കേരള കോൺഗ്രസ് നേതാക്കൾക്ക് സ്വീകരണമൊരുക്കിയത്. പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
2016ൽ കോട്ടയം നഗരത്തിൽ തെരുവ് നായ്ക്കളെ കൊന്ന് പ്രകടനം നടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസ് നേതാക്കളെ കോടതി വെറുതെ വിട്ടത്. തെരുവ് നായ ശല്യത്തിന് എതിരെ ആയിരുന്നു സജി മഞ്ഞക്കടമ്പനടക്കമുള്ള നേതാക്കളുടെ വ്യത്യസ്തമായ സമരം നടത്തിയത്.
കുറ്റവിമുക്തരായ 15 നേതാക്കൾക്കാണ് സ്വർണപതക്കവും ബിരിയാണി കിറ്റും നൽകി സ്വീകരണമൊരുക്കിയത്. പാലാ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. സമരമാർഗത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം അടിയന്തരമായി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു.
ജോസ് മാവേലിയടക്കം തെരുവ് നായ വിഷയത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരും പരിപാടിയിൽ പങ്കെടുത്തു. ജനങ്ങളുടെ ജീവന് ഭീഷണിയാക്കുന്ന തെരുവ് നായകളുടെ കാര്യത്തിൽ സർക്കാർ ഇടപെടുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ പറയുകയും ചെയ്തു.