കിനാലൂർ ഉഷ സ്കൂൾ അസിസ്റ്റന്‍റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി
|സംഭവത്തില്‍ ബാലുശേരി പൊലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: കിനാലൂരിൽ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെ സഹപരിശീലകയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ജയന്തിയാണ് മരിച്ചത് . മരണത്തിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കോയമ്പത്തൂർ തൊണ്ടാമുത്തൂർ സ്വദേശിനി ജയന്തിയെ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥികളാണ് ആദ്യം മൃതദേഹം കണ്ടത്. ബെർത്ത് കട്ടിലിൽ തൂങ്ങി നിലത്ത് ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല. വ്യക്തിപരമായ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് ഉഷ സ്കൂൾ അധികൃതർ പ്രതികരിച്ചു.
ഒന്നര വർഷം മുൻപാണ് ഫീൽഡിനങ്ങളിൽ ജയന്തി ഇവിടെ പരിശീലകയായെത്തിയത്. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സഹപരിശീലകരുടെയും വിദ്യാർഥികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ സയൻസിലും കായിക വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും യോഗയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2016 ൽ ഹെപ്റ്റാത്തലണിൽ ജയന്തി നേടിയ ദേശീയ റെക്കോർഡ് ഇപ്പോഴും അവരുടെ പേരിൽ തന്നെ നിലനിൽക്കുന്നുണ്ട്. പരേതനായ പളനിസ്വാമിയുടെയും കവിതയുടെയും മകളാണ്.