സർക്കാരുമായി ഒപ്പിട്ട കരാറുകളിൽനിന്ന് കിറ്റക്‌സ് പിന്മാറി
|കിറ്റക്‌സ് യൂനിറ്റുകളിൽ നിരന്തരമായി അനാവശ്യ പരിശോധന നടത്തുന്നുവെന്ന് ആരോപിച്ചാണ് പിന്മാറ്റം
സംസ്ഥാന സർക്കാരുമായി ഒപ്പിട്ട വിവിധ കരാറുകളിൽനിന്ന് കിറ്റക്‌സ് പിന്മാറി. 3,500 കോടിയുടെ നിക്ഷേപ പദ്ധതികളിൽനിന്നാണ് കമ്പനി പിന്മാറുന്നതായി അറിയിച്ചത്. ആഗോള നിക്ഷേപക സംഗമത്തിൽ സർക്കാരുമായി ഒപ്പുവച്ച കരാറുകൾ ഉപേക്ഷിക്കുകയാണെന്ന് ഇന്നു പുറത്തിറക്കിയ വാർത്താകുറിപ്പിൽ കിറ്റക്‌സ് അറിയിച്ചു.
കിറ്റക്‌സ് യൂനിറ്റുകളിൽ തുടർച്ചയായി അനാവശ്യ പരിശോധന നടത്തുന്നുവെന്ന് ആരോപിച്ചാണ് പിന്മാറ്റം. ഇന്നു രാവിലെയും ഒരു സംഘം കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. ഇതിനു പിറകെയാണ് കരാറുകളിൽനിന്ന് പൂർണമായും പിൻമാറാൻ കിറ്റക്‌സ് അധികൃതർ തീരുമാനമെടുത്തത്. കരാറുകളിൽനിന്ന് പിന്മാറിയ വിവരം സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെയിൽ കിറ്റക്‌സിന്റെ വിവിധ യൂനിറ്റുകളിൽ 11 തവണയാണ് പരിശോധന നടന്നതെന്ന് വാർത്താകുറിപ്പിൽ പറയുന്നു. തൊഴിലാളികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. ഇവരുടെ വിലാസവും ഫോൺ നമ്പറുമടക്കം എഴുതിവാങ്ങുകയും ചെയ്തു. തൊഴിലാളികൾക്ക് ജോലി ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളതെന്നും കിറ്റക്‌സ് കുറ്റപ്പെടുത്തി.
പരിശോധനയ്ക്കുശേഷം എന്തിനാണ് റെയ്ഡ് നടത്തിയതെന്നോ എന്താണ് ഇവിടെനിന്നു കണ്ടെത്തിയതെന്നോ വിവരം നൽകുന്നുമില്ല. നിലവിലെ ബിസിനസ് തന്നെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഓരോ തവണയും മൂന്നും നാലും മണിക്കൂർ ഉദ്യോഗസ്ഥർ പരിശോധനയുടെ ഭാഗമായി കമ്പനിക്കുള്ളിൽ അഴിഞ്ഞാടുകയാണ്. ഇതിനാൽ സംസ്ഥാനത്ത് ഇനിയും വ്യവസായ സ്ഥാപനങ്ങൾക്ക് തുടക്കമിട്ട് പരീക്ഷണത്തിന് മുതിരാൻ ഒരുക്കമല്ലെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.
കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ 600ഓളം പുതുസംരംഭകർക്ക് അവസരം നൽകുന്ന വ്യവസായ പാർക്ക്, അപ്പാരൽ പാർക്ക് എന്നിവ ആരംഭിക്കാനാണ് കിറ്റക്‌സ് ആഗോള നിക്ഷേപക സംഗമത്തിൽ സർക്കാരുമായി കരാറിൽ ഒപ്പുവച്ചിരുന്നത്. അപ്പാരൽ പാർക്കിനുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായിരുന്നു. മറ്റു പദ്ധതികളിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാകുകയും ചെയ്തിരുന്നുവെന്നാണ് കിറ്റക്‌സ് അറിയിച്ചിട്ടുള്ളത്. 2025ഓടെ പദ്ധതികൾ പൂർത്തിയാക്കാനായിരുന്നു പദ്ധതി.
തദ്ദേശ തെരഞ്ഞെടുപ്പിൽ കിറ്റക്‌സിന്റെ ആഭിമുഖ്യത്തിലുള്ള ട്വന്റി20 മികച്ച വിജയം നേടിയിരുന്നു. അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സജീവമായി മത്സരരംഗത്തുണ്ടായിരുന്നു. ഇതിനുപിറകെയായിരുന്നു കമ്പനിയിൽ അന്വേഷണം നടന്നത്. സ്ഥാപനം തകർക്കാൻ വേണ്ടി ഉറപ്പിച്ചിറങ്ങിയിരിക്കുകയാണ് സർക്കാരെന്നും ഇതിനാൽ ഇനിയും പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ അർത്ഥമില്ലെന്നും കിറ്റെക്‌സ് എംഡി സാബു ജേക്കബ് ആരോപിച്ചു.