Kerala
കിറ്റെക്‌സ് തൊഴിലാളികളുടെ ആക്രമണം; 300 പേർ പ്രതികളെന്ന് സൂചന, കൂടുതൽ അറസ്റ്റ് ഇന്ന്
Kerala

കിറ്റെക്‌സ് തൊഴിലാളികളുടെ ആക്രമണം; 300 പേർ പ്രതികളെന്ന് സൂചന, കൂടുതൽ അറസ്റ്റ് ഇന്ന്

Web Desk
|
28 Dec 2021 1:03 AM GMT

ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വിശദമായ അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

കിഴക്കമ്പലം കിറ്റെക്സിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച കേസില്‍ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായ‌േക്കും. അറസ്റ്റിലായ 164 പേര്‍ക്കുപുറമേ കൂടുതല്‍ പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 300ഓളം പേർ പ്രതികളാകുമെന്നാണ് സൂചന. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വിശദമായ അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

പെരുമ്പാവൂര്‍ എ.എസ്.പി. അനുജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. മണിപ്പൂർ, ജാർഖണ്ഡ്, അസം സംസ്ഥാനങ്ങളിലുളളവരാണ് റിമാന്‍ഡിലുളള ഭൂരിഭാഗം പേരും. ഇവരുടെ മേല്‍വിലാസവും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. പൊലീസിനു നേരെ അക്രമമുണ്ടായ സാഹചര്യം, സംഘര്‍ഷത്തിലേക്ക് നയിച്ച വിഷയം എന്നിവയിൽ വിശദമായ അന്വേഷണം നടത്തും.

അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകളിൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങള്‍ ഉൾപ്പടെ പരിശോധിച്ചാകും കൂടുതൽ അറസ്റ്റുണ്ടാവുക. ഇവരുടെ ലഹരി ഉപയോഗം സംബന്ധിച്ചും അന്വേഷണം നടത്തും. കിറ്റെക്സില്‍ ക്രിസ്മസ് രാത്രിയിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാരാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ എട്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

Similar Posts