വയനാട്ടിൽ വീണ്ടും കിറ്റ്; കണ്ടെത്തിയത് ബിജെപി അനുഭാവിയുടെ വീട്ടിൽ
|സുൽത്താൻ ബത്തേരിയിൽ പിടികൂടിയ കിറ്റുകൾ ഓർഡർ ചെയ്തതും ബിജെപി നേതാവാണെന്ന് തെളിഞ്ഞിരുന്നു
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കിറ്റുകൾ കണ്ടെത്തി. കൽപ്പറ്റയ്ക്ക് സമീപം തെക്കുംതറയിൽ ബിജെപി അനുഭാവി വികെ ശശിയുടെ വീടിനുള്ളിൽ നിന്നാണ് വിതരണത്തിന് തയ്യാറാക്കിയ ഭക്ഷ്യക്കിറ്റുകൾ കണ്ടെത്തിയത്. പൊലീസും തെരഞ്ഞെടുപ്പ് സ്ക്വാഡും സംയുക്തമായി നടത്തിയ തെരച്ചിലിൽ കിറ്റുകൾ കണ്ടെത്തുകയായിരുന്നു.
ഇന്നലെ വൈകുന്നേരം സുൽത്താൻ ബത്തേരിയിലെ ഒരു മൊത്ത വിതരണ കേന്ദ്രത്തിൽ നിന്ന് സമാനരീതിയിൽ 1500ഓളം കിറ്റുകൾ പിടികൂടിയിരുന്നു. തുടർന്ന് നിരവധി സ്ഥലങ്ങളിൽ നിന്നാണ് സമാനരീതിയിൽ കിറ്റുകൾ പിടികൂടുന്നത്. 167 കിറ്റുകളാണ് ശശിയുടെ വീട്ടിൽ നിന്ന് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. നേരത്തേ വിതരണം ചെയ്ത കിറ്റുകളുടെ ബാക്കിയാണോ ഇത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ആർഎസ്എസിന്റെ സജീവ പ്രവർത്തകനാണ് വികെ ശശി. ഇയാൾ ശാഖാ പ്രമുഖ് ആണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
നേരത്തേ കിറ്റുവിവാദം ഉണ്ടായപ്പോഴെല്ലാം ഉയർന്നു കേട്ട പേര് ബിജെപിയുടേതായിരുന്നു. സുൽത്താൻ ബത്തേരിയിൽ പിടികൂടിയ കിറ്റുകൾ ഓർഡർ ചെയ്തതും ബിജെപി നേതാവാണെന്ന് തെളിഞ്ഞിരുന്നു. ബത്തേരിയിലെ കിറ്റ് പിടികൂടിയ സമയത്ത് അത് പ്രദേശത്തെ ഒരു ക്ഷേത്രത്തിലേക്കുള്ളതാണെന്നായിരുന്നു ബിജെപിയുടെ വിശദീകരണം.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ തന്നെയാണ് കിറ്റുകളെത്തിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.