കിഴക്കമ്പലം അക്രമം: 24 തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തി
|പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികൾ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയതാണ് ഒടുവിൽ തെരുവ് യുദ്ധത്തിൽ കലാശിച്ചത്.
എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച് ജീപ്പ് കത്തിച്ച സംഭവത്തിൽ 24 തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സി.ഐയെ അക്രമിച്ച 18 പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പൊലീസ് വാഹനം കത്തിച്ച കേസിൽ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികൾ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയതാണ് ഒടുവിൽ തെരുവ് യുദ്ധത്തിൽ കലാശിച്ചത്.
ക്രിസ്മസ് ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമ സംഭവങ്ങൾക്ക് തുടക്കം. കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഇവരിൽ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടായി. തർക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇൻസ്പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിട്ടു. നാട്ടുകാരാണ് പൊലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകൾ വഴി രക്ഷപ്പെടുത്തിയത്.
പൊലീസ് പിൻമാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിച്ചു. ഒരു വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. പിന്നീട് സമീപ സ്റ്റേഷനുകളിൽ നിന്നുൾപ്പെടെ വൻ പൊലീസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സാരമായി പരിക്കേറ്റ കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്.