ടി.പി വധക്കേസ്: കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ രണ്ട് പ്രതികൾ കീഴടങ്ങി
|സിപിഎം നേതാക്കളായ കെ.കെ. കൃഷ്ണൻ, ജ്യോതിബാബു എന്നിവരാണ് കോഴിക്കോട്ടെ വിചാരണ കോടതിയിൽ കീഴടങ്ങിയത്
കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി. സിപിഎം നേതാക്കളായ കെ.കെ. കൃഷ്ണൻ, ജ്യോതിബാബു എന്നിവരാണ് കോഴിക്കോട്ടെ വിചാരണ കോടതിയിൽ കീഴടങ്ങിയത്.
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതി കെ.കെ കൃഷ്ണൻ 12-ാം പ്രതി ജ്യോതി ബാബു എന്നിവരെ കുറ്റമുക്തരാക്കിയ വിചാരണ കോടതി വിധി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി റദാക്കിയത്. ഇതേ തുടർന്നാണ് രണ്ട് പ്രതികളും എരഞ്ഞിപ്പാലത്തെ വിചാരണ കോടതിയിലെത്തി കീഴടങ്ങിയത്. ആംബുലൻസിൽ കോടതിയിലെത്തിയ ജ്യോതി ബാബുവിനെ സ്ട്രച്ചറിൽ കോടതി മുറിയിലെത്തിച്ചു. രണ്ട് പേരും ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിൽ കഴിയുന്നവരാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മെഡിക്കൽ രേഖകളും ഹാജരാക്കി. ഇരുവരെയും റിമാന്റ് ചെയ്ത കോടതി ആവശ്യമെങ്കിൽ ചികിത്സ നൽകാനും ഉത്തരവിട്ടു. രണ്ട് പേരെയും ബീച്ചാശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലെത്തിച്ചു. തുടർച്ചയായി ചികിത്സ വേണ്ടതിനാൽ ജ്യോതി ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.