Kerala
KK Rama reaction on high court verdict
Kerala

നല്ല വിധി, ഗൂഢാലോചന പൂർണമായും പുറത്തുകൊണ്ടുവരുന്നത് വരെ പോരാട്ടം തുടരും: കെ.കെ രമ

Web Desk
|
27 Feb 2024 12:49 PM GMT

ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കെ.കെ രമ പറഞ്ഞു.

കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷ ഉയർത്തിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ടി.പിയുടെ ഭാര്യയും വടകര എം.എൽ.എയുമായ കെ.കെ രമ. നല്ല വിധിയാണ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്. ഗൂഢാലോചന പൂർണമായും പുറത്തുകൊണ്ടുവരണം. അതിനായി നിയമപോരാട്ടം തുടരുമെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.

''നല്ല വിധിയാണ്, അതിനെ സ്വാഗതം ചെയ്യുന്നു. ചില പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ് കിട്ടിയത്. നേരത്തെ വിചാരണക്കോടതി ഗൂഢാലോചന ചുമത്താത്ത ആളുകൾക്ക് മേൽ ഗൂഢാലോചന ചുമത്തി ശിക്ഷ വിധിച്ചിരുന്നു. ക്രൂരമായ കൊലപാതകമെന്നാണ് കോടതി പറഞ്ഞത്. രാഷ്ട്രീയം പറഞ്ഞതിന്റെ പേരിൽ, അല്ലെങ്കിൽ അഭിപ്രായവ്യത്യാസം പറഞ്ഞതിന്റെ പേരിൽ ആരെയും കൊല്ലരുതെന്ന സന്ദേശമാണ് ഈ വിധിയിൽ ഏറ്റവും പ്രധാനം. മുഴുവൻ പ്രതികളും നിയമത്തിന് മുന്നിൽ വന്നിട്ടില്ല. അതുകൊണ്ട് തന്നെ മേൽക്കോടതിയിൽ അപ്പീൽ നൽകും. കൂടിയാലോചനക്ക് ശേഷം ഭാവികാര്യങ്ങൾ തീരുമാനിക്കും''-കെ.കെ രമ പറഞ്ഞു.

ടി.പി വധക്കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തിയാണ് ഇന്ന് ഹൈക്കോടതി വിധി പറഞ്ഞത്. ഒമ്പത് പ്രതികൾക്ക് 20 വർഷത്തേക്ക് ഒരു ഇളവുമില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ കെ.കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തമാണ് ശിക്ഷ. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി. കെ.കെ രമക്ക് 7.5 ലക്ഷം രൂപയും മകൻ അഭിനന്ദിന് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി വിധിച്ചു.

Related Tags :
Similar Posts