Kerala
KK Rama says that the government will help the accused in the TP murder case
Kerala

'ക്രിമിനലുകൾക്ക് കുട പിടിക്കുന്ന ആഭ്യന്തര വകുപ്പ്'; ടിപി വധക്കേസ് പ്രതികൾക്ക് സർക്കാർ സഹായമെന്ന് കെ.കെ രമ

Web Desk
|
22 Aug 2023 4:37 PM GMT

കൊടി സുനിയെ സുരക്ഷയില്ലാതെ ട്രെയിനില്‍ കൊണ്ട് പോകുന്നുവെന്ന് ആരോപിച്ച് ദൃശ്യങ്ങള്‍ രമ ഫേസ്ബുക്കില്‍ പങ്ക് വെച്ചു

ടി.പി വധക്കേസിലെ പ്രതികള്‍ക്ക് സ‍ര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ടെന്ന് കെ.കെ രമ എംഎല്‍എ. കേസിലെ പ്രധാന പ്രതിയായ കൊടി സുനിയെ സുരക്ഷയില്ലാതെ ട്രെയിനില്‍ കൊണ്ട് പോകുന്നുവെന്ന് ആരോപിച്ച് ദൃശ്യങ്ങള്‍ രമ ഫേസ്ബുക്കില്‍ പങ്ക് വെച്ചു. ആഭ്യന്തരവകുപ്പ് ക്രിമിനലുകൾക്ക് കുട പിടിക്കുന്നുവെന്നും രമ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ടി.പി വധക്കേസിലെ പ്രതികൾക്ക് ഇടതു സർക്കാർ നൽകിവരുന്ന വി.ഐ.പി പരിഗണനകൾ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതി കൊടി സുനിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പോലിസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്പർ പ്രകാരം ഒരു കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ട്.

ഇയാൾ പരോളിൽ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആർ?

പരോളിൽ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസിൽ എഫ്.ഐ.ആർ ഇട്ടിട്ടും ഇയാൾ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്?

കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും.

Similar Posts