Kerala
KK Rema on Suresh Gopis misbehaviour towards Shida Jagath
Kerala

'തൊട്ടും തലോടിയുമല്ല നേതാക്കളടക്കമുള്ളവർ ഉത്തരം പറയേണ്ടത്'; സുരേഷ് ഗോപിയുടേത് തെറ്റായ ഇടപെടലെന്ന് കെ.കെ രമ

Web Desk
|
28 Oct 2023 5:42 PM GMT

"തൽസമയം പ്രതികരിക്കാൻ ഷിദ കാണിച്ച ആർജ്ജവം മാതൃകാപരമാണ്, ആ ആർജ്ജവത്തെ ആദ്യമേ അഭിവാദ്യം ചെയ്യുന്നു"

മീഡിയവൺ ചാനലിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഷിദ ജഗത്തിന് നേരെ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ ഇടപെടലെന്ന് കെ.കെ രമ എം.എൽ.എ. തൊട്ടും തലോടിയുമല്ല രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയേണ്ടതെന്നും പൊതുപ്രവർത്തകരിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും രമ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം.

മീഡിയവൺ ചാനലിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഷിദ ജഗത്തിനു നേരെ സുരേഷ്‌ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ ഇടപെടലാണ്. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകയെ തൊട്ടും തലോടിയുമല്ല രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ ഉത്തരം പറയേണ്ടത്.

ഷിദയെ വിളിച്ചു സംസാരിച്ചിരുന്നു. അപ്രതീക്ഷിതമായ സുരേഷ്‌ഗോപിയുടെ ഈ ഇടപെടലിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും കരകയറിയിട്ടില്ല ആ കുട്ടി.

പൊതുപ്രവർത്തകരിൽനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് സംഭവിച്ചത്.

തൽസമയം പ്രതികരിക്കാൻ കാണിച്ച ആർജ്ജവം മാതൃകാപരമാണ്. പലപ്പോഴും അപ്രതീക്ഷിതമായ ഇത്തരം പെരുമാറ്റങ്ങളോട് പ്രതികരിക്കാൻ കഴിയാറില്ല നമ്മുടെ പെൺകുട്ടികൾക്ക്. അടക്കവും ഒതുക്കവുമെന്ന പേരിൽ ശീലിപ്പിക്കപ്പെടുന്ന നമ്മുടെ പാരമ്പര്യ യുക്തികൾ പ്രതികരണശേഷിയില്ലാത്തവരായാണ് നമ്മുടെ പെൺകുട്ടികളെ വളർത്തുന്നത്.

അതുകൊണ്ടുതന്നെ ആ പ്രതികരണത്തിന്റെ ആർജ്ജവത്തെ ആദ്യമേ അഭിവാദ്യം ചെയ്യുന്നു.

സ്വാഭാവിക ന്യായീകരണങ്ങൾ കൊണ്ടു തീരുന്നതല്ല ഷിദ അഭിമുഖീകരിക്കുന്ന മാനസികമായ പ്രയാസങ്ങൾ.

ഷിദയ്ക്കൊപ്പം നിൽക്കണം

ജനാധിപത്യ കേരളം..

കെ.കെ.രമ

ഷിദ ജഗതിന്റെ പരാതിയിൽ ഇന്ന് വൈകുന്നേരമാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോട് കൂടിയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് 354A വകുപ്പ് പ്രകാരം കേസ്.

കഴിഞ്ഞ ദിവസം കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി ഷിദയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.

തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിദ ഇന്ന് ഉച്ചയോടെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു

Similar Posts