'നരകയാതനകൾക്കു വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്നത് കുട്ടികളും'; വിവാദത്തില്‍ കെ.കെ ശൈലജ
|എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും ഫലസ്തീനികൾ നിരപരാധികളാണെന്ന് എം സ്വരാജ് നേരത്തെ പ്രതികരിച്ചിരുന്നു
കോഴിക്കോട്: ഹമാസ് പോരാളികളെ ഭീകരരെന്നു വിശേഷിപ്പിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കൈയേറ്റം നടത്തുന്ന ഇസ്രായേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു. കൂട്ടത്തിൽ ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും എഴുതിയതാണു പലരീതിയിൽ ചർച്ച ചെയ്യപ്പെടുന്നതെന്ന് ശൈലജ പ്രതികരിച്ചു.
യുദ്ധത്തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയിരുന്നു. ഫലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് എഴുതിയിരുന്നു. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഏതു യുദ്ധത്തിലും വർഗീയലഹളകളിലും നരകയാതനകൾക്കു വിധേയരാകുന്നതു സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും ശൈലജ ഫേസ്ബുക്കിൽ പങ്കുവച്ച വിശദീകരണ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
നേരത്തെ, ശൈലജയുടെ പരാമർശത്തിനു പരോക്ഷ വിമർശനവുമായി സി.പി.എം നേതാവ് എം. സ്വരാജ് രംഗത്തെത്തിയിരുന്നു. ഇസ്രായേലിനെയും ഫലസ്തീനെയും ഇരുവശത്തുനിർത്തി വിശകലനം ചെയ്യുന്നത് അനീതിയാണെന്നും എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും ഫലസ്തീനികൾ നിരപരാധികളാണെന്നും സ്വരാജ് വ്യക്തമാക്കി. ഹമാസ് റോക്കറ്റ് അയച്ചത് തെറ്റായെന്ന് പറയുന്നവരും നിലപാടു പറയാൻ കഷ്ടപ്പെടുന്നവരുമുണ്ടെന്നും ഒടുവിലത്തെ ഫലസ്തീനിയെയും കൊന്നൊടുക്കും മുമ്പ് അവരെന്ത് ചെയ്താലും നിരപരാധികൾ തന്നെയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ സ്വരാജ് ചൂണ്ടിക്കാട്ടി.
കെ.കെ ശൈലജയുടെ വിശദീകരണ പോസ്റ്റ്
ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തെക്കുറിച്ച് ഞാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു. 1948 മുതൽ ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രായേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്. ഇടതുപക്ഷം എപ്പോഴും ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കൈയേറ്റം നടത്തുന്ന ഇസ്രായേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, യുദ്ധത്തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പോസ്റ്റിൽ എഴുതിയിരുന്നു.
ഫലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റിൽ എഴുതിയിരുന്നു. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രായേൽ ഇപ്പോൾ പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യംവഹിക്കേണ്ടിവരിക. ഏതു യുദ്ധത്തിലും വർഗീയലഹളകളിലും നരകയാതനകൾക്കു വിധേയരാകുന്നതു സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും.
Summary: ''Women are the ones who suffer and children become orphans in any war or communal riots'': KK Shailaja clarifies her controversial 'Hamas terrorist' remarks