'അദ്ദേഹത്തെ പോലുള്ള ഒരാളെ കുറിച്ചൊക്കെ പറയുമ്പോൾ ശ്രദ്ധിക്കേണ്ടേ?'; മുഖ്യമന്ത്രിയുടെ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൽ കെ.കെ ശൈലജ
|"അദ്ദേഹം വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. അതിൽ എന്തു ലംഘനമാണ് ഉണ്ടായത് എന്നെനിക്ക് മനസ്സിലായിട്ടില്ല. വെറുതെ എന്തെങ്കിലും ആളുകൾ വിളിച്ചു പറയുകയാണ്"
മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നും മുഖ്യമന്ത്രിയെ പോലുള്ള ഒരാളെ കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കേണ്ടേ എന്നും അവർ ചോദിച്ചു.
' ഒരടിസ്ഥാനവുമില്ലാതെ എന്തെങ്കിലും വിളിച്ചു പറയുകയാണ്. മുഖ്യമന്ത്രിക്ക് കോവിഡ് ടെസ്റ്റ് നടത്താൻ ആലോചിക്കുന്ന സമയത്ത് നേരിയ ജലദോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു മാത്രമല്ല, മുഖ്യമന്ത്രിയുടെ മകൾ പോസിറ്റീവുമായിരുന്നു. വീട്ടിൽ ക്വാറന്റൈനിലായിരുന്നു അദ്ദേഹം. കാര്യമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല' - ശൈലജ പറഞ്ഞു.
'അദ്ദേഹം വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. അതിൽ എന്തു ലംഘനമാണ് ഉണ്ടായത് എന്നെനിക്ക് മനസ്സിലായിട്ടില്ല. വെറുതെ എന്തെങ്കിലും ആളുകൾ വിളിച്ചു പറയുകയാണ്. അദ്ദേഹത്തെ പോലെയുള്ള ആളുകളെ കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കേണ്ടേ? മുഖ്യമന്ത്രി പുറത്ത് ഒരു പരിപാടിക്കും പോകുന്നില്ല. അദ്ദേഹത്തിന് നെഗറ്റീവായിരിക്കുന്നു. തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ' - അവർ വ്യക്തമാക്കി.
പ്രോട്ടോകോളിൽ പത്തു ദിവസം എന്നൊന്നും കേന്ദ്രം പറഞ്ഞിട്ടില്ലെന്ന് ശൈലജ കൂട്ടിച്ചേർത്തു. 'കേന്ദ്രവും ഐസിഎംആറും പറഞ്ഞത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചവരെ ലക്ഷണങ്ങളൊന്നുമില്ലെങ്കിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആയാലും ഡിസ്ചാർജ് ചെയ്യാമെന്നാണ്. കേരളം നല്ല മുൻകരുതൽ എന്ന നിലയിൽ പത്തു ദിവസം വരെ രോഗികളെ ആശുപത്രിയിൽ നിർത്തി അവരെ പരിശോധിച്ചു വിടുന്നു. ബുദ്ധിമുട്ടില്ലാത്തവർക്ക് വീട്ടിൽ പോയി ക്വാറന്റൈനിലിരുന്നാൽ മതി. അതല്ലേ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്' - അവർ ചോദിച്ചു.