ബഷീറിന്റെ കേസിൽ വിട്ടുവീഴ്ചയില്ല; ശ്രീറാമിന്റെ നിയമനം സ്വാഭാവിക നടപടിക്രമം-മുഖ്യമന്ത്രി
|- ''ബഷീർ നമ്മുടെ എല്ലാവരുടെയും സുഹൃത്താണ്. സ്വാഭാവികമായും ഇത്തരമൊരു വികാരം വരും. എന്നാൽ, സർക്കാർ സർവീസിന്റെ ഭാഗമായിരിക്കുന്നയാൾ ഓരോ ഘട്ടത്തിലായി ചുമതല വഹിക്കേണ്ട ചില കാര്യങ്ങളുണ്ട്.''
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയതിലുള്ള പ്രതിഷേധത്തിനിടെ പ്രതികരണവുമായി മുഖ്യമന്ത്രി. ബഷീറിന്റെ കേസിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ശ്രീറാമിന്റെ നിയമനം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
''ബഷീർ നമ്മുടെ എല്ലാവരുടെയും സുഹൃത്താണ്. സ്വാഭാവികമായും ഇത്തരമൊരു വികാരം വരും. എന്നാൽ, സർക്കാർ സർവീസിന്റെ ഭാഗമായിരിക്കുന്നയാൾ ഓരോ ഘട്ടത്തിലായി ചുമതല വഹിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ചുമതല നൽകിയിരിക്കുന്നത്.''-മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ബഷീറിന്റെ കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ശക്തമായ നടപടികൾ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. ഇനിയും അങ്ങനെയേ ഉണ്ടാകൂ. ഔദ്യോഗിക കൃത്യനിർവഹണത്തിൽ എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്നു നോക്കിയായിരിക്കും മറ്റു നടപടികളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്നാണ് ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ അധികാരമേറ്റത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടെ ചുമതലയുള്ള ഒരു പദവിയിൽ ശ്രീറാമിനെ നിയമിച്ചത് അനുചിതമാണെന്ന് പ്രതിപക്ഷമടക്കം കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴ ഡി.സി.സി ശ്രീറാമുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം നിയമനം പിൻവലിക്കുന്നതുവരെ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുണ്ടാകുമെന്ന് കാന്തപുരം സുന്നി വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ, ശ്രീറാമിനെ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാക്കിയതിലും പ്രതിഷേധം ഉയർന്നിരുന്നു. ആലപ്പുഴ കലക്ടറും ശ്രീറാമിന്റെ ഭാര്യയുമായ രേണുരാജിനെ എറണാകുളത്തേക്ക് സ്ഥലംമാറ്റിയ ശേഷമായിരുന്നു ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയത്.
Summary: ''There is no compromise in KM Basheer death case; Sriram Venkitaraman's appointment is a natural governmental process'', says CM Pinarayi Vijayan