Kerala
Minister V. Abdurahiman in Tanur boat tragedy, Muslim League against Minister V. Abdurahiman, KM Shaji against V Abdurahiman, Tanur boat tragedy, Tanur boat accident
Kerala

'താനൂര്‍ ബോട്ടപകടത്തിന്റെ ഉത്തരവാദിയെ സി.പി.എം മെമ്പർഷിപ്പ് നൽകി ആദരിച്ചു'; മന്ത്രി അബ്ദുറഹ്മാനെതിരെ കെ.എം ഷാജി

Web Desk
|
12 May 2023 12:20 PM GMT

'നാട്ടുകാർ നൽകിയ മുന്നറിയിപ്പുകൾക്ക് സ്ഥലം എം.എൽ.എ ധിക്കാരത്തോടെ മറുപടി പറയുകയും നിയമപ്രകാരമല്ലാത്ത ഒരു കാര്യത്തിന് പിന്തുണ നൽകുകയും ചെയ്തതിന്റെ അനന്തരഫലമാണ് ഈ ദുരന്തം.'

കോഴിക്കോട്: താനൂർ ബോട്ടപകടത്തിൽ പ്രധാന ഉത്തരവാദി മന്ത്രി വി. അബ്ദുറഹ്മാനാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. പിഞ്ചുമക്കളടക്കം 22 മനുഷ്യജീവനുകൾ മണ്ണിനടിയിലായതിന് ഒന്നാമത്തെ ഉത്തരവാദി സ്ഥലം എം.എൽ.എ കൂടിയായ അബ്ദുറഹ്മാനാണ്. ഇത്തരമൊരാൾ മന്ത്രിസ്ഥാനത്ത് തുടർന്നുകൊണ്ടുള്ള ഏതൊരു അന്വേഷണവും പ്രഹസനമാണെന്ന് ഷാജി പറഞ്ഞു.

താനൂരിൽ 22 ജീവനുകൾ പൊലിഞ്ഞത് സർക്കാർ അനാസ്ഥ തന്നെയാണ്. ഇതിന് കാരണക്കാരിൽ ഒരാളായ എം.എൽ.എയ്ക്ക് പാർട്ടി മെമ്പർഷിപ്പ് നൽകി ആദരിക്കുകയാണ് സി.പി.എം ചെയ്യുന്നത്. നാട്ടുകാർ നൽകിയ മുന്നറിയിപ്പുകൾക്ക് ധിക്കാരത്തോടെ മറുപടി പറയുകയും നിയമപ്രകാരമല്ലാത്ത ഒരു കാര്യത്തിന് പിന്തുണ നൽകുകയും ചെയ്തതിന്റെ അനന്തരഫലമാണ് നാം കണ്ട ദുരന്തം! ഇയാൾ കുറ്റക്കാരനാണെന്ന് തെളിയാൻ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിന് കാത്തിരിക്കേണ്ട കാര്യമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഷാജി ചൂണ്ടിക്കാട്ടി.

കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

താനൂരിൽ ബോട്ടപകട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച യൂത്ത് ലീഗിന് അഭിവാദ്യങ്ങൾ. ഈ വിഷയത്തിൽ വി. അബ്ദുറഹ്മാൻ കുറ്റകരമായ അനാസ്ഥ കാണിച്ചിട്ടുണ്ടെന്ന വസ്തുത സമൂഹത്തിന് ബോധ്യപ്പെട്ടിരിക്കുന്നു. ഈ വ്യക്തി മന്ത്രിസ്ഥാനത്ത് തുടർന്നുകൊണ്ടുള്ള ഏതൊരു അന്വേഷണവും പ്രഹസനമാണ്.

പിഞ്ചുമക്കളടക്കം 22 മനുഷ്യ ജീവനുകൾ മണ്ണിനടിയിലായതിന് ഒന്നാമത്തെ ഉത്തരവാദി സ്ഥലം എം.എൽ.എ കൂടിയായ അബ്ദുറഹ്മാൻ തന്നെയാണ്. നാട്ടുകാർ നൽകിയ മുന്നറിയിപ്പുകൾക്ക് ധിക്കാരത്തോടെ മറുപടി പറയുകയും നിയമപ്രകാരമല്ലാത്ത ഒരു കാര്യത്തിന് പിന്തുണ നൽകുകയും ചെയ്തതിന്റെ അനന്തരഫലമാണ് നാം കണ്ട ദുരന്തം! ഇയാൾ കുറ്റക്കാരനാണെന്ന് തെളിയാൻ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിന് കാത്തിരിക്കേണ്ട കാര്യമില്ല.

ഈ പ്രതിഷേധം താനൂരിൽ മാത്രം ഒതുങ്ങേണ്ടതല്ല. ഡോ. വന്ദനയുടെ കൊലപാതകത്തിൽ കേരള ജനത കാണിച്ച പ്രതിഷേധ രീതികൾ ഇവിടെയും ഉണ്ടാവണം. താനൂരിൽ 22 ജീവനുകൾ പൊലിഞ്ഞത് സർക്കാർ അനാസ്ഥ തന്നെയാണ്. ഇതിന് കാരണക്കാരിൽ ഒരാളായ എം.എൽ.എയ്ക്ക് പാർട്ടി മെമ്പർഷിപ്പ് നൽകി 'ആദരിക്കുകയാണ്' സി.പി.എം ചെയ്യുന്നത്.

ഇത്തരം ഗുണ്ടായിസവും തൻ പ്രമാണിത്തവും മാത്രം കൈമുതലാക്കി ഭരണം നടത്തുന്ന ഒരു നാട്ടിൽ ഓരോ ദിവസവും ദുരന്തം പ്രതീക്ഷിക്കാം. പുതിയത് സംഭവിക്കുമ്പോൾ തൊട്ടുതലേന്ന് സംഭവിച്ചത് നാം മറന്നുപോകരുത്. താനൂരിലെ കൂട്ടക്കൊലയിൽ ജനാധിപത്യ കേരളം പുതിയ സമരമുഖം തുറക്കണം.

ഇല്ലെങ്കിൽ ഓരോ കോണിലും ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കും. പ്രതിഷേധങ്ങൾ പ്രാദേശികമായി അവസാനിക്കും. രാഷ്ട്രീയപ്രേരിതമെന്ന ചാപ്പയടിച്ച് പരിഹസിക്കപ്പെടും. അവസാനം ആരും പ്രതിഷേധിക്കാനില്ലാതെ മനുഷ്യർ കൊലചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.

Summary: 'Minister V. Abdurahiman is the main responsible for the Tanur boat tragedy'; alleges Muslim League leader KM Shaji

Similar Posts