Kerala
KM Shaji
Kerala

മുഖ്യമന്ത്രിക്ക് മകളെ കിട്ടിയപ്പോൾ തൃശൂർ പോയി, സംഘ്പരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമം; കെ.എം ഷാജി

Web Desk
|
2 Sep 2024 3:47 PM GMT

''നിരന്തരമായി മാധ്യമങ്ങളിൽ വാർത്തയായിരുന്ന എസ്.എഫ്.ഐ.ഒ ഇപ്പോൾ എവിടെയുമില്ല. സമീപകാല ചർച്ചകളിലൊന്നും മുഖ്യമന്ത്രിയുടെ മകളുമില്ല''

കൽപറ്റ: പി.വി അൻവർ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ചൂണ്ടിയത് വിരൽ അല്ല തോക്കാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി.

പിണറായി വിജയൻ മുഖ്യമന്ത്രിയായതു മുതൽ കക്കാനും മുക്കാനും കൊള്ളയടിക്കാനും എതിരാളികളെ ഇല്ലാതാക്കാനുമായി വലിയ മാഫിയ സംഘത്തെ രൂപീകരിച്ചു. അതിന്റെ തലവൻമാരാണ് എഡിജിപി എം.ആർ അജിത് കുമാറും പി.ശശിയുമെന്നും ഷാജി ആരോപിച്ചു.

''ബിജെപി സംഘ്പരിവാർ അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ പൊലീസ് ഉദ്യോഗസ്ഥന്മാരെ പ്രേരിപ്പിക്കുന്നതടക്കം മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് അൻവർ പറയുന്ന എല്ലാകാര്യങ്ങളും എത്തിയിരിക്കുന്നത്. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് തൃശൂർ പൂരം കലക്കിയതെന്ന് അൻവർ പറയുന്നു. അത് സുരേഷ് ഗോപിക്കു വേണ്ടിയായിരുന്നു. മുഖ്യമന്ത്രിക്ക് മകളെ വേണോ തൃശൂർ വേണോ എന്നതായിരുന്നു ചോദ്യം. ഒടുവിൽ മകളെ കിട്ടി, തൃശൂർ പോയി. എസ്എഫ്ഐഒ അന്വേഷണം എന്ന് നിരന്തരം വാർത്ത വന്നു. ഇപ്പോൾ അന്വേഷണത്തെക്കുറിച്ച് ഒന്നും കേൾക്കുന്നില്ല.’’ – കെ.എം.ഷാജി പറഞ്ഞു.

''നിരന്തരമായി മാധ്യമങ്ങളിൽ വാർത്തയായിരുന്ന എസ്.എഫ്.ഐ.ഒ ഇപ്പോൾ എവിടെയുമില്ല. സമീപകാല ചർച്ചകളിലൊന്നും മുഖ്യമന്ത്രിയുടെ മകളുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോൺ ചോർത്തുന്നു എന്ന് പറയുമ്പോൾ അത് എത്രമാത്രം ഗൗരവപ്പെട്ടതാണ്? അൻവർ പറയുന്നതുപോലെ ഒരു അജിത്തിലോ ശശിയിലോ നിൽക്കുന്ന കാര്യമല്ല ഇത്. ഇതിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുമ്പ് ഇക്കാര്യം പറഞ്ഞതിന് ഞാൻ വേട്ടയാടപ്പെട്ടു. ഇപ്പോൾ ഭരണപക്ഷ എംഎൽഎ പറയുന്നു തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന്” -കെ.എം ഷാജി പറഞ്ഞു.

‘‘അൻവറിന്റെ പുറകിൽ ഒരാളല്ല ഉള്ളത്. മുഖ്യമന്ത്രിയുടെ അത്രമേൽ വിശ്വസ്തനായ ഒരാളെ പോയി തൊടാൻ മാത്രം വിഡ്ഢിയല്ല അൻവർ. മുഖ്യമന്ത്രിയുടെ ഓരോ വിദേശയാത്രയും പരിശോധിക്കണം. മുഖ്യമന്ത്രി കൂടെ കൊണ്ടുപോയത് അൻവർ പറഞ്ഞ ക്രിമിനലുകളെയാണ്. ചീഫ് സെക്രട്ടറിയുടെ അനുമതിപോലും ഇല്ലാതെയാണ് എഡിജിപിയേയും കൊണ്ട് മുഖ്യമന്ത്രി വിദേശയാത്ര പോയത്. കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മാമിയുടെ തിരോധാനത്തിലും അജിത്‌കുമാറിനു പങ്കുണ്ട്. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടുകൾ പോലും മാറുകയാണ്.’’– കെ.എംഷാജി ചൂണ്ടിക്കാട്ടി.

Watch Video Report


Similar Posts