'ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് കാരണം ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമെന്ന ഭയം'; ആരോപണവുമായി കെ.എം ഷാജി
|ഊരാളുങ്കൽ സൊസൈറ്റി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പിടിച്ചെടുത്താൽ സി.പി.എം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ് വെളിപ്പെടുമായിരുന്നുവെന്നും ഷാജി പറഞ്ഞു.
കോട്ടയം: ആർ.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പുതിയ ആരോപണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന ഭയമാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ കാരണം. ഊരാളുങ്കൽ പിടിച്ചെടുത്താൽ കേരളത്തിലെ സി.പി.എം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ് വെളിപ്പെടും. അതുണ്ടാവാതിരിക്കാനാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നും മൂവാറ്റുപുഴയിലെ യു.ഡി.എഫ് കുറ്റവിചാരണ സദസ്സിൽ ഷാജി പറഞ്ഞു.
ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിന്റെ ആഴ്ചകൾക്ക് മുമ്പും സി.പി.എം നേതാക്കൾ ചർച്ച നടത്തിയിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് അവർ ആവശ്യപ്പെട്ടത്. മത്സരിക്കില്ലെന്ന് ചന്ദ്രശേഖരൻ സമ്മതിച്ചിരുന്നെങ്കിൽ അദ്ദേഹം കൊല്ലപ്പെടില്ലായിരുന്നുവെന്നും ഷാജി പറഞ്ഞു.
ചന്ദ്രശേഖരൻ വധക്കേസിന്റെ അന്വേഷണം പി. മോഹനൻ മാസ്റ്ററിൽനിന്ന് മുകളിലേക്ക് പോകാതെ തടയുകയായിരുന്നു. അന്വേഷണം മുകളിലേക്ക് പോയിരുന്നെങ്കിൽ പിണറായി വിജയൻ വരേ കുടുങ്ങുമായിരുന്നു. സി.പി.എമ്മിന്റെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാവുമെന്ന ഭയമാണ് ചന്ദ്രശേഖരൻ കൊല്ലപ്പെടാൻ കാരണമെന്നും ഷാജി പറഞ്ഞു.