മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി യുഡിഎഫിനെ പഠിപ്പിക്കേണ്ട: കെ.എം ഷാജി
|ലോക കേരള സഭ ബഹിഷ്‌കരിച്ചതിന്റെ പേരിൽ എം.എ യൂസഫലി യുഡിഎഫിനെതിരെ വിമർശനമുന്നയിച്ചിരുന്നു.
മനാമ: ലോക കേരള സഭയിൽ പങ്കെടുക്കാത്തതിന് യുഡിഎഫിനെ വിമർശിച്ച പ്രമുഖ വ്യവസായി എം.എ യൂസഫലിക്കെതിരെ പരോക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന നാട്ടിൽപ്പോയി മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെയും യുഡിഎഫിനെയും പഠിപ്പിക്കാൻ വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതൊക്കെ പരിപാടിയിൽ പങ്കെടുക്കണം, പങ്കെടുക്കേണ്ട എന്നത് സംബന്ധിച്ച് തങ്ങൾക്ക് നയവും നിലപാടുമുണ്ട്. അത് ഏതെങ്കിലും മുതലാളിയുടെ വീട്ടിൽപ്പോയി ചീട്ട് കീറിയിട്ടല്ല തീരുമാനിക്കുന്നതെന്ന് അദ്ദേഹം ബഹ്‌റൈനിൽ പറഞ്ഞു.
ലോക കേരള സഭ ബഹിഷ്‌കരിച്ചതിന്റെ പേരിൽ എം.എ യൂസഫലി യുഡിഎഫിനെതിരെ വിമർശനമുന്നയിച്ചിരുന്നു. പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുതെന്നും ലോക കേരള സഭയിൽ സംസാരിക്കുമ്പോൾ യൂസഫലി പറഞ്ഞിരുന്നു. ലോക കേരള സഭ ധൂർത്താണെന്ന പ്രതിപക്ഷനേതാവിന്റെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചിരുന്നു.
എന്നാൽ 16 കോടി രൂപ ധൂർത്തടിച്ച് പരിപാടി നടത്തുന്നതിനെയാണ് വിമർശിച്ചത് എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. കഴിഞ്ഞ രണ്ട് വർഷവും കോടികൾ മുടക്കി പരിപാടി നടത്തിയതിന്റെ റിസൾട്ട് എന്താണെന്ന് പറയാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.