'സകാത്ത് ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുതെന്ന് പറഞ്ഞതു മുതലാണ് ഞാൻ കള്ളനായത്'; വിധിയിൽ സന്തോഷമെന്ന് കെ.എം ഷാജി
|"ദുരിതാശ്വാസ നിധി പോലെ ഒട്ടും ക്രഡിബ്ൾ അല്ലാത്ത നിധിയിലേക്ക് സകാത്ത് ആവശ്യപ്പെട്ടപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു"
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സകാത്ത് വിഹിതം നൽകരുത് എന്നു പറഞ്ഞതു മുതലാണ് താൻ കള്ളനും കുഴപ്പക്കാരനുമായതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. ഒരു റമദാനിലാണ് തനിക്കെതിരെ കേസെടുത്തത് എന്നും മറ്റൊരു റമദാനിൽ അതിൽനിന്ന് വിടുതി നേടുന്നത് സന്തോഷകരമാണ് എന്നും ഷാജി പറഞ്ഞു. അഴീക്കോട് മണ്ഡലത്തിൽ തന്റെ പരാജയത്തിന് പിന്നിലെ കാരണം ഈ കള്ളക്കേസായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കേസിന്റെ തുടക്കം എവിടെ നിന്നാണ്. ഇതു പോലെ ഒരു റമദാൻ മാസത്തിൽ, കോവിഡിൽ പാനിക്കായി നിൽക്കുന്ന ആളുകളെ ചൂഷണം ചെയ്യാൻ വേണ്ടി മുഖ്യമന്ത്രി എടുത്ത ഒരു പ്രയോഗമുണ്ട്, ആ സമയത്ത്. ജനങ്ങളുടെ ഭയത്തെ ചൂഷണം ചെയ്യാൻ വേണ്ടി മുഖ്യമന്ത്രി പറഞ്ഞു, സകാത്തിന്റെ പൈസയും ദുരിതാശ്വാസ നിധിയിലേക്ക് വേണമെന്ന്. ദുരിതാശ്വാസ നിധി പോലെ ഒട്ടും ക്രഡിബ്ൾ അല്ലാത്ത നിധിയിലേക്ക് സകാത്ത് ആവശ്യപ്പെട്ടപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു. അന്ന്, ആ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുമ്പിൽ എടുത്ത് വായിച്ച് ആറാടിക്കളിച്ചു. അവിടുന്നാണ് ഈ കേസ് തുടങ്ങുന്നത്. ഷാജി കള്ളനും കുഴപ്പക്കാരനുമാകുന്നത്. സകാത്തിന്റ പേരു പറഞ്ഞ് ഞാൻ തുടങ്ങിയ പ്രശ്‌നത്തിൽ എനിക്ക് വിടുതൽ കിട്ടിയതും ഒരു റമദാനിലാണ്. ദുരിതാശ്വാസ നിധി കുഴപ്പമാണ് എന്നു ഞാൻ പറഞ്ഞു. അതിന്റെ കേസുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഞാൻ പുറത്തുമായി.' - ഷാജി പറഞ്ഞു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയത് എന്നും ഷാജി ചൂണ്ടിക്കാട്ടി. 'എല്ലാ തരത്തിലുമുള്ള വേട്ടയും എനിക്കെതിരെ ഉണ്ടായി. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് കേസുണ്ടാക്കി എന്നെ പീഡിപ്പിച്ചത്. നേരിയ ഭൂരിപക്ഷത്തിന് ജയിക്കുന്നൊരു മണ്ഡലത്തിൽ ഞാൻ തോറ്റതിന് പിന്നിൽ ഈ കള്ളക്കേസാണ്. കള്ളത്തരം എനിക്കെതിരെ പറഞ്ഞു പ്രചരിപ്പിച്ച് ഒരാൾ ജയിക്കുകയും ചെയ്തു. അയാളുടെ വിജയത്തിലെ സാംഗത്യവും ധാര്‍മികതയും സിപിഎം പരിശോധിക്കണം.' - അദ്ദേഹം കൂട്ടിച്ചേർത്തു.