Kerala
മയക്കുമരുന്ന് അടക്കം എല്ലാ വൃത്തികേടുമുണ്ട്, മക്കൾ പിഴച്ചു പോകുമ്പോൾ സിപിഎമ്മിന്റെ ആപ്പീസിൽ പോയി ചോദിച്ചാൽ മതി: ആരോപണവുമായി കെ.എം ഷാജി
Kerala

'മയക്കുമരുന്ന് അടക്കം എല്ലാ വൃത്തികേടുമുണ്ട്, മക്കൾ പിഴച്ചു പോകുമ്പോൾ സിപിഎമ്മിന്റെ ആപ്പീസിൽ പോയി ചോദിച്ചാൽ മതി': ആരോപണവുമായി കെ.എം ഷാജി

Web Desk
|
26 Jun 2022 8:52 AM GMT

"കണ്ണൂരിൽനിന്ന് വയനാട്ടിലേക്ക് ഗുണ്ടകളെ കൊണ്ടുവന്ന് എസ്എഫ്‌ഐക്കാർക്ക് ട്രയിനിങ് കൊടുക്കുന്നുണ്ട്. അതിൽ പെൺകുട്ടികൾ അടക്കമുണ്ട്."

ബത്തേരി: കണ്ണൂരിൽനിന്ന് വയനാട്ടിലേക്ക് ഗുണ്ടകളെ കൊണ്ടു വന്ന് സിപിഎം എസ്എഫ്‌ഐക്കാർക്ക് ട്രയിനിങ് കൊടുക്കുന്നുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. മക്കൾ പിഴച്ചുപോയാൽ സിപിഎമ്മിന്റെ ഓഫീസിൽ പോയി ചോദിച്ചാൽ മതിയെന്നും ഷാജി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ ആക്രമിച്ച സംഭവത്തിൽ കൽപ്പറ്റയിൽ യുഡിഎഫ് ശനിയാഴ്ച നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കെ സുധാകരന്റെ കൂടെ കണ്ണൂരിൽ പത്തു കൊല്ലം ജനപ്രതിനിധിയായി നിന്നയാളാണ് ഞാൻ. എനിക്കറിയാം. കണ്ണൂരിൽനിന്ന് വയനാട്ടിലേക്ക് ഗുണ്ടകളെ കൊണ്ടുവന്ന് എസ്എഫ്‌ഐക്കാർക്ക് ട്രയിനിങ് കൊടുക്കുന്നുണ്ട്. അതിൽ പെൺകുട്ടികൾ അടക്കമുണ്ട്. ഞാൻ സ്‌നേഹബുദ്ധ്യാ രക്ഷിതാക്കളോട് പറയുന്നു. ഈ കൂട്ടത്തിൽ പോകുന്നവരെ നിങ്ങൾ സൂക്ഷിച്ചോ. അപകടരമാണ്. വെറുമൊരു രാഷ്ട്രീയമല്ല അത്. എല്ലാ തോന്നിവാസങ്ങളുമുണ്ട്. എല്ലാ വൃത്തികേടുകളുമുണ്ട്. മയക്കുമരുന്നു കച്ചവടം അടക്കമുണ്ട്. നാളെ നിങ്ങളുടെ മക്കൾ പിഴച്ചു പോകുമ്പോൾ എവിടെയും പോയി ചോദിക്കേണ്ട. സിപിഎമ്മിന്റെ ആപ്പീസിൽ മാത്രം പോയി ചോദിച്ചാൽ മതി. അവരാണ് ഈ മക്കളെ പിഴപ്പിച്ചു കൊണ്ടിരിക്കുന്നത്.' - ഷാജി പറഞ്ഞു.

മതങ്ങളും രാഷ്ട്രീയകക്ഷികളും തമ്മിലുള്ള നന്മ സിപിഎം തകർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടിൽ മതങ്ങളും രാഷ്ട്രീയപ്പാർട്ടികളും തമ്മിൽ നല്ല പാരമ്പര്യമുണ്ട്. ആ നന്മയെ തകർക്കാൻ ശ്രമിച്ചാൽ നഷ്ടം സിപിഎമ്മിനായിരിക്കും. ആ നഷ്ടം താങ്ങാൻ ഇപ്പോൾ സിപിഎമ്മിൽ ആർക്കും ത്രാണിയില്ല.- അദ്ദേഹം കൂട്ടിച്ചേർത്തു.

55 മണിക്കൂർ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്തു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെ തൊടാത്തതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ആർഎസ്എസ് അവരുടെ അജണ്ട നടപ്പാക്കുന്നത് സിപിഎമ്മിലൂടെയാണ്. ലാവ്ലിൻ കേസുവെച്ച് വിലപേശി ആർഎസ്എസ് കേരളത്തിൽ അവരുടെ അജണ്ട നടപ്പാക്കുകയാണ്. കാര്യങ്ങൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും- അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി എപ്പോഴാണ് വിശ്രമിച്ചിട്ടുള്ളത് എന്നും ഷാജി ചോദിച്ചു. 'നിങ്ങൾ ആരുടെ ഓഫീസാണ് തകർത്തത്? ഏതെങ്കിലും തരത്തിൽ ഇടതുപക്ഷ മനസ്സുള്ളവരോടാണ് ഞാൻ ചോദിക്കുന്നത്. ആ മനുഷ്യൻ എപ്പോഴാണ് വിശ്രമിച്ചത്. കൊറോണക്കാലത്ത് നടന്നു ഗ്രാമങ്ങളിലേക്ക് പോകുന്നവരെ കൂടെ പോകാൻ ഒരു മനുഷ്യനുണ്ടായിരുന്നു. ആ മനുഷ്യന്റെ പേരാണ് രാഹുൽ ഗാന്ധി.' - അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Tags :
Similar Posts