രാഷ്ട്രീയ വൈരം തീർക്കാൻ കെട്ടിച്ചമച്ച അഴിമതിക്കേസ്, കൂടെ നിന്നവര്‍ക്ക് നന്ദി: കെ.എം ഷാജി
|സന്തോഷമുണ്ട്...സർവ്വശക്തനായ അല്ലാഹുവിന് സ്തുതി
കോഴിക്കോട്: പ്ലസ്ടു കോഴക്കേസില്‍ തനിക്കെതിരായ വിജിലന്‍സ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കിയ നടപടിയില്‍ പ്രതികരണവുമായ മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. രാഷ്ട്രീയ വൈരം തീർക്കാൻ തനിക്കെതിരായി കെട്ടിച്ചമച്ച അഴിമതിക്കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നുവെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദിയെന്നും ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
കെ.എം ഷാജിയുടെ കുറിപ്പ്
"അതിനാല്‍, ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടാവുക തന്നെ ചെയ്യും;
തിർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്.. "
(വിശുദ്ധ ഖുർആൻ -
94 /5-6)
അൽഹംദു ലില്ലാഹ്.
രാഷ്ട്രീയ വൈരം തീർക്കാൻ, എനിക്കെതിരായി കെട്ടിച്ചമച്ച അഴിമതിക്കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു.
സന്തോഷമുണ്ട്.! സർവ്വശക്തനായ അല്ലാഹുവിന് സ്തുതി. ! പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി.പലതും പറയാനുണ്ട്. നേരിട്ട് ലൈവിൽ വരാം; ഇൻ ഷാ അല്ലാഹ്
അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കാൻ 2013 ല്‍ കെ.എം.ഷാജി മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കേസ്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സി.പി.എം നേതാവ് കുടുവൻ പദ്‌മനാഭൻ നൽകിയ പരാതിയിലാണ് കെ.എം.ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് റജിസ്റ്റർ ചെയ്തത്. ഷാജിയുടെ മെഴി രേഖപ്പെടുത്തിയ ശേഷം അഴീക്കോട്ടെ സ്കൂളിലെത്തി വിജിലൻസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. ഇതിന് പിന്നാലെയാണ് എഫ് ആർ നിലനിൽക്കില്ലെന്ന വാദവുമായി കെ.എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.2017 ൽ ആണ് സി.പി.എം പ്രാദേശിക നേതാവ് മുഖ്യമന്ത്രിക്ക് ആദ്യം പരാതി നൽകിയത്. നിജസ്ഥിതി അന്വേഷിക്കാൻ വിജിലൻസ് എസ്.പിക്കു പരാതി കൈമാറിയെങ്കിലും വസ്തുതകളില്ലാത്തതാണെന്ന് കണ്ട് തള്ളി.
എന്നാൽ, വിജിലൻസിന്‍റെ അഡീ. പ്രോസിക്യൂഷൻ ഡയറക്ടറിൽ നിന്ന് മറ്റൊരു നിയമോപദേശം വാങ്ങി വിജിലൻസ് കേസെടുക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ഷാജിയുടെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് എഫ്.ഐ.ആർ റദ്ദാക്കാൻ ജസ്റ്റിസ് കൗസർ എടപ്പാഗത്ത് ഉത്തരവിട്ടത്. സ്കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽനിന്നും ഷാജിക്കെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന വിജിലൻസ് വാദം കോടതി പരിഗണിച്ചില്ല.