Kerala
കൊച്ചി വാട്ടർ മെട്രോയുടെ പുതിയ റൂട്ടുകളിലേക്കുള്ള നിരക്കുകൾ പുറത്തുവിട്ട് കൊച്ചി മെ​ട്രോ അധികൃതർ
Kerala

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ റൂട്ടുകളിലേക്കുള്ള നിരക്കുകൾ പുറത്തുവിട്ട് കൊച്ചി മെ​ട്രോ അധികൃതർ

Web Desk
|
13 March 2024 3:11 PM GMT

നാല് ടെർനമിനലുകൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും

കൊച്ചി: വാട്ടർ മെട്രോയുടെ പുതിയ ടെർമിനലുകൾ ഉദ്ഘാടനത്തിനൊരുങ്ങിയതോടെ നിരക്കുകൾ പുറത്തുവിട്ട് കൊച്ചി മെ​ട്രോ അധികൃതർ. മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകളാണ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്.

നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൌത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൌത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്.

മാർച്ച് 17, രാവിലെ മുതൽ കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കും. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് വ്യാപിക്കും.

കൊച്ചി വാട്ടർ മെട്രോയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ പതിനേഴര ലക്ഷം ആളുകളാണ് യാത്ര ചെയ്തത്. നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൽഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി സർവ്വീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തും.

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക്

ഹൈക്കോർട്ട് ജങ്ഷൻ മുതൽ മുളവുകാട് നോർത്ത് വരെ - 30 രൂപ

ഹൈക്കോർട്ട് ജങ്ഷൻ - സൗത്ത് ചിറ്റൂർ - 40 രൂപ

ബോൾഗാട്ടി - മുളവുകാട് നോർത്ത് - 30 രൂപ

ബോൾഗാട്ടി - സൗത്ത് ചിറ്റൂർ - 40 രൂപ

​മുളവ്കാട് നോർത്ത് - സൗത്ത് ചിറ്റൂർ - 20 രൂപ

സൗത്ത് ചിറ്റൂർ- ചേരാനല്ലൂർ- 30 രൂപ

സൗത്ത് ചിറ്റൂർ - ഏലൂർ- 30

ഏലൂർ- ചേരാനല്ലൂർ - 20

Similar Posts