'ആര്യാടൻ ഷൗക്കത്തിന് ഓട്ടോയിലും ചെണ്ടയിലുമൊന്നും പോകേണ്ട കാര്യമില്ല'; എ.കെ ബാലന് കെ.മുരളീധരന്റെ മറുപടി
|എ.കെ ബാലൻ സൈക്കിൾ മുട്ടിയ കേസ് വാദിച്ചാൽ ജഡ്ജി വധശിക്ഷ വിധിക്കുമെന്നും മുരളീധരൻ പരിഹസിച്ചു.
കോഴിക്കോട്: ആര്യാടൻ ഷൗക്കത്തിന് നോട്ടീസ് നൽകിയത് ഫലസ്തീൻ വിഷയത്തിലല്ല, പാർട്ടി വിരുദ്ധ നിലപാടെടുത്തതിനാണെന്ന് കെ മുരളീധരൻ എം.പി. ആര്യാടൻ ഷൗക്കത്തിന് ഓട്ടോറിക്ഷയിലും ചെണ്ടയിലും പോകേണ്ട ആവശ്യമില്ല. തരംതാഴ്ന്ന രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്. എ.കെ ബാലൻ സൈക്കിൾ മുട്ടിയ കേസ് വാദിച്ചാൽ ജഡ്ജി വധശിക്ഷ വിധിക്കും. അതുപോലെയാണ് ബാലന്‍റെ പാർട്ടിക്ക് വേണ്ടിയുള്ള ഇടപെടലെന്നും മുരളീധരൻ പരിഹസിച്ചു.
ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ വ്യക്തമാക്കിയിരുന്നു. ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണെന്നും ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടുമെന്നും എ.കെ ബാലൻ പറഞ്ഞു.
കോൺഗ്രസിനൊപ്പം യു.ഡി.എഫ് ഘടകകക്ഷികൾ ഇല്ല. ലീഗിന്റെ മനസ് എവിടെയാണെന്നും ശരീരം എവിടെയാണെന്നും കേരളം കണ്ടു. സി.പി.എം ഐക്യദാർഢ്യ പരിപാടിയിൽ സാങ്കേതികമായി ഇല്ലെന്ന നിലപാട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അദ്ദേഹത്തെ പൂർണമായും പിന്തുണക്കുന്നു. ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കും. ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണ്. ബി.ജെ.പിക്കൊപ്പമാണ് കോൺഗ്രസ് നിലപാട്. സുധാകരൻ ലീഗിനോട് മാപ്പു പറയുകയാണ് വേണ്ടതെന്നും എ.കെ.ബാലൻ പറഞ്ഞു.