വിശ്വാസികളെ മതചിഹ്നങ്ങൾക്ക് പുറത്തുകൊണ്ടുവരാൻ കമ്യൂണിസത്തിന് അജണ്ടയുണ്ട്: കെ.എം.വൈ.എഫ്
|തട്ടമിട്ടവർക്ക് വിദ്യാഭ്യാസമില്ല എന്ന അർഥത്തിലുള്ള അനിൽകുമാറിന്റെ പ്രഭാഷണം വംശീയമായ പരാമർശമാണെന്നും കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഷംസുദ്ദീൻ മന്നാനി പറഞ്ഞു.
തിരുവനന്തപുരം: വിശ്വാസികളെ അവരുടെ മതങ്ങളിൽനിന്ന് പുറത്തുകൊണ്ടുവരാൻ കമ്യൂണിസത്തിന് വ്യക്തമായ പദ്ധതിയുണ്ടെന്നും സി.പി.എം നേതാവ് അനിൽകുമാറിൽനിന്ന് പുറത്തുവന്നത് കേവലം നാക്കുപിഴയല്ലെന്ന് കെ എം വൈ എഫ് സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ഷംസുദ്ദീൻ മന്നാനി. കാമ്പസുകളിൽ അടക്കം സി.പി.എം അവരുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കണ്ടെത്താനാകും. അനിൽകുമാർ പറഞ്ഞത് പാർട്ടിയുടെ നിലപാടല്ലെന്ന എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയിൽ ആത്മാർഥതയുണ്ടെങ്കിൽ അനിൽകുമാറിനെതിരെ പ്രതീകാത്മകമായ നടപടിയെടുക്കാനെങ്കിലും പാർട്ടി തയ്യാറാകണമൈന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്ത പുറത്തുവിട്ട മീഡിയവൺ ചാനലിനെ താലിബാൻ ചാപ്പ കുത്താനുള്ള അനിൽകുമാറിന്റെ ശ്രമം അത്യന്തം അപകടകരമാണ്. തട്ടമിട്ടവർക്ക് വിദ്യാഭ്യാസമില്ല എന്ന അർഥത്തിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം വംശീയമായ പരാമർശം കൂടിയാണ്. ഇതിന് മുമ്പും പല സി.പി.എം നേതാക്കളും ഇസ്‌ലാം വിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഫാഷിസം ഉറഞ്ഞുതുള്ളുന്ന ഇന്ത്യൻ സാഹചര്യത്തിൽ മുസ്‌ലിംകൾക്ക് ഒപ്പം ചേർന്ന ഫാഷിസ്റ്റ് വിരുദ്ധ ചേരി ശക്തിപ്പെടുത്തുന്നതിന് പകരം അവരുടെ മതചിഹ്നങ്ങൾക്കെതിരായിട്ടുള്ള ആക്രമണം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.