ഇന്ധന വില വർധന; നടപ്പ് വർഷം സംസ്ഥാനത്തിന് അധികമായി ലഭിച്ചത് 201 കോടി
|പെട്രോൾ വില കൂട്ടിയതോടെ 110.59 കോടിയും ഡീസലിൽ നിന്ന് 91.34 കോടി രൂപയും ലഭിച്ചെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു
ഇന്ധന വില വർധനവിനെ തുടർന്ന് നടപ്പ് വർഷം സംസ്ഥാനത്തിന് അധികമായി ലഭിച്ചത് 201 കോടി രൂപയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെട്രോൾ വില കൂട്ടിയതോടെ 110.59 കോടിയും ഡീസലിൽ നിന്ന് 91.34 കോടി രൂപയും ലഭിച്ചെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ചു.
ഇന്ധനവിലയില്‍ ഇന്നും വര്‍ധനവുണ്ടായിരുന്നു. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോളിന് 109 രൂപ 12 പൈസയും ഡീസലിന് 102 രൂപ 56 പൈസയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 46 പൈസയും ഡീസലിന് 104 രൂപ 27 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 108 രൂപ 52 പൈസയും ഡീസലിന് 102 രൂപ 36 പൈസയുമാണ് പുതിയ നിരക്ക്.
അതേസമയം, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുകയാണെന്നെന്നും ധനമന്ത്രി വ്യക്തമാക്കി. പരിഷ്കരിച്ച പെൻഷനിലെ രണ്ട് ഗഡു കുടിശ്ശിക വൈകുമെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോഴേ കുടിശിക ഇനി നൽകാനാവൂ എന്നും അദ്ദേഹം അറിയിച്ചു. ആഗസ്ത്, നവംബർ മാസങ്ങളിലെ കുടിശികയാണ് വൈകുകയെന്നും മന്ത്രി വ്യക്തമാക്കി.