ഇന്ധനവില; സ്വന്തം നിലയ്ക്ക് നികുതി കുറയ്ക്കാതെ സംസ്ഥാന സർക്കാർ
|'ഉമ്മൻ ചാണ്ടി സർക്കാർ പതിനെട്ടു പ്രാവശ്യം നികുതി കൂട്ടി'
തിരുവനന്തപുരം: സ്വന്തം നിലയ്ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന നികുതി കുറയ്ക്കാതെ സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായി എത്ര രൂപ കുറച്ചു എന്നു വ്യക്തമാക്കാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ തയ്യാറായില്ല. സംസ്ഥാനം സ്വന്തം നിലയ്ക്ക് നികുതി കുറയ്ക്കുമോ എന്നതായിരുന്നു മാധ്യമങ്ങളുടെ ചോദ്യം.
'ഇപ്പോൾ സംസ്ഥാന സർക്കാർ കുറച്ചല്ലോ. ഇന്നലെ കുറച്ചു, ആ കുറച്ച തീരുമാനമാണ് ഇപ്പോൾ എടുത്തിട്ടുള്ളത്. അത് സ്വാഭാവികമായ കുറവല്ല. അങ്ങനെയായിരുന്നു എങ്കിൽ ഉമ്മൻ ചാണ്ടി സർക്കാർ എങ്ങനെയാണ് പതിനെട്ടു പ്രാവശ്യം കൂട്ടുന്നത്. അതിന്റെ കണക്ക് എന്റെ കൈയിലുണ്ട്. വർധിപ്പിച്ച തുക പിണറായി സർക്കാർ വന്ന ശേഷം കുറച്ചു. അതിനു ശേഷം നമ്മൾ കൂട്ടിയിട്ടേ ഇല്ല. എല്ലാ പ്രാവശ്യവും നമ്മൾ സ്വന്തമായി തന്നെ കുറയ്ക്കുന്നതാണ്. ഉമ്മൻചാണ്ടി സർക്കാറിന്റെ നിരക്ക് തുടർന്നിരുന്നെങ്കിൽ ഞങ്ങൾക്ക് രണ്ടായിരം കോടിയെങ്കിലും ലഭിക്കുമായിരുന്നു. എന്നിട്ടു പോലും അതു നമ്മൾ കുറയ്ക്കുകയായിരുന്നു.' - എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
മുപ്പത് രൂപ കൂട്ടിയ ആളുകൾ ആറു രൂപ കുറയ്ക്കുമ്പോൾ വലിയ എന്തോ ഡിസ്കൗണ്ട് സെയിൽ പോലെ കാര്യങ്ങൾ കാണരുതെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിൽ കുറഞ്ഞത്
കനത്ത പ്രതിഷേധങ്ങൾക്ക് ഒടുവിൽ പെട്രോളിന് എട്ടു രൂപയും ഡീസലിന് 6 രൂപയുമാണ് ശനിയാഴ്ച കേന്ദ്രസർക്കാർ കുറച്ചത്. പെട്രോളിന് 30.08%വും ഡീസലിന് 22.54%വുമാണ് കേരളത്തിൽ വിൽപന നികുതി. അതിനാൽ കേന്ദ്രം കുറച്ചതിന് ആനുപാതികമായി പെട്രോളിന് 2 രൂപ 41 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് കേരളത്തിൽ കുറഞ്ഞത്. കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത ധനമന്ത്രി പെട്രോൾ നികുതി 2 രൂപ 41 പൈസയും ഡീസൽ നികുതി ഒരു രൂപ 36 പൈസയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണെന്നാണ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നത്.
നേരത്തെ കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചപ്പോൾ കേരളം കുറയ്ക്കാൻ തയ്യാറായിരുന്നില്ല. കേരളം നികുതി വർധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് കുറയ്ക്കേണ്ട കാര്യമില്ലെന്നുമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അന്ന് പറഞ്ഞിരുന്നത്. നികുതി കുറയ്ക്കാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. കേരളം നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.