ശബരീനാഥന്റെ ചാറ്റ് പുറത്തുവിട്ടത് ആരാണെന്നറിയാം; നിരപരാധിത്വം സമൂഹത്തിന് മുന്നിൽ വ്യക്തമാക്കും: എൻ.എസ് നുസൂർ
|'നിയമപരമായി നേരിടണമെങ്കിൽ അങ്ങനെയും ചെയ്യും'
തിരുവനന്തപുരം: ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എൻ.എസ് നുസൂർ. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കും. നിരപരാധിത്വം സമൂഹത്തിന് മുന്നിൽ വ്യക്തമാക്കും. നിയമപരമായി നേരിടണമെങ്കിൽ അങ്ങനെയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശബരീനാഥന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ടത് ആരാണെന്ന് അറിയാമെന്നും അതിപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും കാലത്തിനിടെ പാർട്ടിയെ ഒറ്റിക്കൊടുത്തിട്ടില്ല. കെ. സുധാകരനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഇത്രയും കാലം കോൺഗ്രസിലായിരുന്നു. ഇനിയും അങ്ങനെത്തന്നെ ആയിരിക്കും. പാർട്ടിക്കെതിരെ ഒരു കാര്യവും തന്റെ വായിൽനിന്ന് പുറത്തുപോയിട്ടില്ലെന്നും നുസൂർ പറഞ്ഞു.
ഷാഫി പറമ്പിൽ തന്നെ ലക്ഷ്യംവെക്കുന്നു എന്ന് അഭിപ്രായമില്ല. ഷാഫി പറമ്പിലുമായി അഭിപ്രായ വ്യത്യാസമില്ല. ചില കാര്യങ്ങളിൽ എതിർപ്പുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് ചോർന്നതുമായി ബന്ധപ്പെട്ടാണ് നുസൂറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്.