ഷംസീറിന്റെ അസ്വസ്ഥത എന്താണെന്നറിയാം, മന്ത്രി റിയാസിനെ കാണുമ്പോൾ അത് വർധിക്കുന്നു: എൻ.എ നെല്ലിക്കുന്ന്
|നിയമസഭയിൽ പാണക്കാട് തങ്ങളെ കുറിച്ച് പറഞ്ഞില്ലെങ്കിൽ ഷംസീറിന് സ്വസ്ഥത കിട്ടില്ലെന്നും എൻ.എ നെല്ലിക്കുന്ന്
തിരുവനന്തപുരം: തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറിനെതിരെ സഭയിൽ തുറന്നടിച്ച് മുസ്‌ലിം ലീഗ് എം.എൽ.എ എൻ.എ നെല്ലിക്കുന്ന്. ഷംസീറിന്റെ അസ്വസ്ഥത എന്താണെന്ന് തനിക്കാറിയാമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കാണുമ്പോൾ ഷംസീറിന്റെ അസ്വസ്ഥത വർധിക്കുകയാണെന്നും ലീഗ് എം.എൽ.എ പരിഹസിച്ചു. നിയമസഭയിൽ പാണക്കാട് തങ്ങളെ കുറിച്ച് പറഞ്ഞില്ലെങ്കിൽ ഷംസീറിന് സ്വസ്ഥത കിട്ടില്ലെന്നും എൻ.എ നെല്ലിക്കുന്ന് വ്യക്തമാക്കി. നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഷംസീർ പാണക്കാട് തങ്ങൾ എന്ന് പറയുകയാണെങ്കിൽ ഒരിക്കലും പ്രകോപിതനാവരുത് എന്നാണ് നജീബ് കാന്തപുരത്തോട് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാണക്കാട് തങ്ങന്മാരെ സമീപിക്കുന്നത് വിവിധ ജാതിയിൽപ്പെട്ടവരും വിവിധ മതസ്ഥരുമാണ്. മാനസികമായി പ്രയാസം അനുഭവിക്കുന്നവർ, നിരാലംബർ തുടങ്ങിയവരാണ് താത്ക്കാലിക ആശ്വാസത്തിനെങ്കിലും തങ്ങന്മാരെ സമീപിക്കുന്നത്. അസ്വസ്ഥത അനുഭവിക്കുന്ന ആളാണ് ഷംസീർ എന്ന് എല്ലാവർക്കും അറിയാം. തൃക്കാക്കരയിൽ ഉമാ തോമസിന്റെ വിജയം അംഗീകരിക്കാൻ സാധിക്കാത്ത ഭരണപക്ഷത്തിന്റെ തൊലിക്കട്ടി അപാരമാണെന്നും എൻ.എ നെല്ലിക്കുന്ന് വിശദമാക്കി.
എ.കെ.ജി സെന്റർ ആക്രമണത്തെ സംബന്ധിച്ചുള്ള ചർച്ചയിൽ ഒ.വി വിജയന്റെ ധർമ്മപുരാണം ഉദ്ധരിച്ചാണ് എൻ.എ നെല്ലിക്കുന്ന് തുടങ്ങിയത്. ജനങ്ങൾ രാജാവിനെതിരെ തിരിയുമ്പോൾ രാജാവ് ഒരു തന്ത്രം പ്രയോഗിക്കും. അയാൾ അതിർത്തിയിൽ യുദ്ധം പ്രഖ്യാപിക്കും. അതാണ് ഈ സാഹചര്യത്തിൽ തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പിസി വിണുനാഥാണ് അടിയന്തര പ്രമേയ ചർച്ചക്ക് തുടക്കമിട്ടത്. എ.കെ.ജി സെന്ററിലുണ്ടായത് നാനോ ഭീകരാക്രമണമാണെന്ന് പിസി വിഷ്ണുനാഥ് അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. മൂന്നു കല്ലുകൾ മാത്രം പൊടിഞ്ഞുപോകുന്ന നാനോ ഭീകരാക്രമണം. ആക്രമണമുണ്ടായ സമയത്ത് പൊലീസുകാരെ മാറ്റിയെന്നും വിഷ്ണുനാഥ് പറഞ്ഞു.
'സ്‌കൂട്ടറിൽ പോയ അക്രമിയെ പിടിച്ചില്ല.പിടിക്കാൻ വയർലസ് പോലും ഉപയോഗിച്ചില്ല.സിസിടിവി പരിശോധിക്കാൻ പൊലീസ് കാണിച്ചത് ദുരൂഹമായ മെല്ലെ പോക്ക്. ഏതെങ്കിലും നിരപരാധിയുടെ തലയിൽ കെട്ടിവച്ച് തടിയൂരാൻ ശ്രമിക്കുന്നു.ഫേസ്ബുക്ക് പോസ്റ്റിട്ട നിരപരാധിയെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചു. കെപിസിസി ഓഫീസ് ആക്രമിച്ചപ്പോഴോ പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പോസ്റ്റിട്ടപ്പോൾ എന്ത് ചെയ്തു? ഇപി ജയരാജന് എവിടെ നിന്നാണ് എകെജി സെന്റർ ആക്രമിച്ചത് കോൺഗ്രസുകാരാണെന്ന് വിവരം കിട്ടിയത് .ഇപിയെ ചോദ്യം ചെയ്യാത്തതെന്ത്- വിഷ്ണുനാഥ് പറഞ്ഞു