Kerala
കൊച്ചി ബാർ ഹോട്ടലിലെ വെടിവെപ്പ്; പിടിയിലായ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു
Kerala

കൊച്ചി ബാർ ഹോട്ടലിലെ വെടിവെപ്പ്; പിടിയിലായ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു

Web Desk
|
27 Oct 2022 5:11 AM GMT

പ്രതികളുമായി ഇന്ന് ഹോട്ടലിൽ തെളിവെടുപ്പ് നടത്തും

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാർ ഹോട്ടലിലുണ്ടായ വെടിവെപ്പിൽ പിടിയിലായ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൊല്ലം സ്വദേശി റോജൻ, ഇയാളുടെ സുഹൃത്തായ അഭിഭാഷകൻ ഹെറാൾഡ് എന്നിവർക്കെതിരെയാണ് കേസ്. പ്രതികളുമായി ഇന്ന് ഹോട്ടലിൽ തെളിവെടുപ്പ് നടത്തും.

ഇന്ന് രാവിലെയാണ് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കും. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷയും പോലീസ് ഇന്ന് നൽകുമെന്നാണ് സൂചന.

ഇന്നലെ രാത്രിയാണ് മരട് ഓജീസ് കാന്താരി ഹോട്ടലിൽ വെടിവെപ്പുണ്ടായതായി പൊലീസിന് വിവരം ലഭിക്കുന്നത്. എന്നാൽ, വൈകിട്ട് നാലുമണിക്കായിരുന്നു സംഭവമെന്ന് ബാർ ജീവനക്കാർ പറയുന്നു. മദ്യപിച്ച് പണംകൊടുത്ത ശേഷം കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഹോട്ടലിന്റെ ഭിത്തിയിലേക്ക് റോജൻ വെടിയുതിർക്കുകയായിരുന്നു എന്ന് ജീവനക്കാർ പോലീസിനോട് പറഞ്ഞു. ഓട്ടോറിക്ഷയിൽ കയറി രക്ഷപെട്ട പ്രതികളെ പോലീസ് തിരച്ചിലിനൊടുവിൽ പിടികൂടുകയായിരുന്നു.

സംഭവത്തെ തുടർന്ന് ബാർ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഉടൻ തുറക്കേണ്ടെന്ന നിർദ്ദേശമാണ് ബാർ ഉടമകൾ ജീവനക്കാർക്ക് നൽകിയിരിക്കുന്നത്.

Similar Posts