ബ്രഹ്മപുരത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ സർക്കാറിന്‍റെ അനുവാദം തേടി കൊച്ചി കോർപറേഷൻ
|സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം പൂർണമാകാത്ത സാഹചര്യത്തിലാണ് കോർപറേഷന്റെ തീരുമാനം.
കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കുന്നതിന് സർക്കാറിന്‍റെ അനുവാദം തേടി കൊച്ചി കോർപറേഷൻ. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം പൂർണമാകാത്ത സാഹചര്യത്തിലാണ് കോർപറേഷന്റെ തീരുമാനം.
ജൂൺ ഒന്ന് മുതൽ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകരുതെന്നായിരുന്നു സർക്കാറിന്റെ നിർദേശം. ബദൽ സംവിധാനം അതത് തദ്ദേശ ഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും സർക്കാർ നിർദേശിച്ചിരുന്നു.എന്നാൽ ആദ്യ ദിവസങ്ങളിൽ തന്നെ കൊച്ചി കോർപറേഷന്റെ പദ്ധതി പാളി. പ്രതിദിനം 100 ടൺ മാലിന്യം നീക്കം ചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും കരാറെടുത്ത രണ്ട് സ്വകാര്യ ഏജൻസികൾക്കും പകുതി മാലിന്യം പോലും നീക്കം ചെയ്യാനായില്ല.
കരാർ ഏറ്റെടുത്ത മൂന്ന് കമ്പനികളിൽ രണ്ടെണ്ണമാണ് ഇപ്പോൾ മാലിന്യം നീക്കുന്നത്. സമാന്തരമായി മറ്റൊരിടത്ത് വിൻട്രോ കമ്പോസ്റ്റിംഗിന് സ്ഥലം നോക്കിയെങ്കിലും ശരിയായില്ല. വില്ലിങ്ടൺ ഐലന്‍റിനായി ശ്രമിച്ചെങ്കിലും നേവിയുടെ എൻ.ഒ.സി ലഭിച്ചില്ലെന്നും മേയർ പറഞ്ഞു. മഴക്കാലം ശക്തമാകും മുമ്പ് ബ്രഹ്മപുരത്തെ പ്രവൃത്തികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് വേണ്ടിയാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കും മുമ്പ് ക്വട്ടേഷൻ ക്ഷണിച്ചതെന്നും മേയർ വ്യക്തമാക്കി. തീപിടിത്തത്തിന് ശേഷമുള്ള ചാരം കടമ്പ്രയാറിലേക്ക് പോകാതിരിക്കാനുള്ള ബണ്ട് കെട്ടുന്ന പ്രവൃത്തികളാണ് നടത്തേണ്ടത്.