Kerala
Kalamassery bomb blast was done by Dominic Martin,confirms police
Kerala

'കുറ്റസമ്മത മൊഴിയും തെളിവുകളും പരിശോധിച്ചാണ് അറസ്റ്റ്'; കളമശ്ശേരി സ്‌ഫോടനത്തിൽ കൊച്ചി ഡിസിപി

Web Desk
|
30 Oct 2023 5:18 PM GMT

സ്‌ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് കൊച്ചി ഡിസിപി എ അക്ബർ. പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് കുറ്റസമ്മത മൊഴിയും മറ്റ് തെളിവുകളും പരിശോധിച്ചാണെന്നും കൂടുതൽ പ്രതികളുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്തത് വൈകീട്ട് ഏഴ് മണിക്കാണെന്നും 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കുമെന്നും വ്യക്തമാക്കി. പ്രതിയുടെ കുറ്റസമ്മത മൊഴിയും മറ്റ് തെളിവുകളും പരിശോധിച്ചാണ് അറസ്റ്റ് ചെയ്തതെന്നും കൂടുതൽ പ്രതികളുണ്ടോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പ് ഉടൻ നടത്തുമെന്നും വരും മണിക്കൂറിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡിസിപി പറഞ്ഞു.

നിലവിലുള്ള തെളിവുകൾ അനുസരിച്ച് ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതിയെന്നും അയാൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു. യുഎപിഎയിലെ പ്രധാന വകുപ്പുകളും ഐപിസി 302 മാണ് പ്രധാനമായും പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എക്‌സ്‌പ്ലോസിവ് ആക്ടും കൊലപാതക കുറ്റവും വധശ്രവും മാർട്ടിനെതിരെ ചുമത്തിയിട്ടുണ്ട്.

ഇയാൾ ബോംബ് എങ്ങനെ നിർമിച്ചു, എവിടെ വച്ച് നിർമിച്ചു, എങ്ങനെ ട്രികർ ചെയ്തു എന്നി കാര്യങ്ങളിൽ പൊലീസ് വ്യക്തത വരുത്തിയിരുന്നു. കൊച്ചി നഗരത്തിൽ നിന്നാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുകൾ വാങ്ങിയത് എന്നാണ് മാർട്ടിൻ പൊലീസിന് നൽകിയ മൊഴി. സാങ്കേതിക കാര്യങ്ങളിൽ മാർട്ടിന് കൃത്യമായ ധാരണയുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്ന സംറ കൺവെൻഷൻ സെന്ററിൽ വിവിധ ഏജൻസികൾ ഇന്നും പരിശോധന നടത്തി.

അതേസമയം, സ്‌ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ 21 പേരാണ് ജില്ലയിലെ അഞ്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. മെഡിക്കൽ കോളജിലും മെഡിക്കൽ സെന്റർ, സൺറൈസ്, രാജഗിരി ആശുപത്രികളിലുമായി 16 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ന് മരണം സ്ഥിരീകരിച്ച 12 വയസ്സുകാരിയുടെ അടക്കം സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. തൊടുപുഴ സ്വദേശി കുമാരിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

സംഭവസ്ഥലത്ത് കൊല്ലപ്പെട്ട ലയോണയുടെ മൃതദേഹം ഡിഎൻഎ ഫലം വന്നതിന് ശേഷം മാത്രമെ ബന്ധുക്കൾക്ക് വിട്ടു നൽകും. ലിബിനയുടെ മൃതദേഹം അമ്മയും സഹോദരനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നതിനാൽ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിക്കും.


Kochi DCP shared the details of the Kalamassery blast case

Similar Posts