Kerala
കൊച്ചി ലഹരിമരുന്ന് കേസ്: എക്സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
Kerala

കൊച്ചി ലഹരിമരുന്ന് കേസ്: എക്സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ijas
|
26 Aug 2021 7:58 AM GMT

എക്സൈസിന്‍റെ വകുപ്പതല അന്വേഷണ റിപോര്‍ട്ട് ഉടന്‍ കമ്മിഷണര്‍ക്ക് കൈമാറും

കൊച്ചി ലഹരിമരുന്ന് കേസില്‍ എക്സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് പിടികൂടിയ രണ്ട് പേരെ വിട്ടയച്ചത് തെളിവില്ലാത്തതിനാലെന്നാണ് എക്സൈസിന്‍റെ ന്യായീകരണം. കൊച്ചി കാക്കനാട് നിന്ന് ലഹരി മരുന്നുമായി 7 പേരെ കസ്റ്റംസ് പ്രിവന്‍റീവും സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡും ചേർന്ന് പിടിച്ചത് കഴിഞ്ഞ 18 നാണ്. ഇവരെ കേസെടുക്കാനായി ജില്ലാ എക്സൈസ് നാർക്കോട്ടിക് വിഭാഗത്തിന് കൈമാറിയെങ്കിലും ഒരു യുവതിയടക്കം രണ്ടു പ്രതികളെ ഒഴിവാക്കി. 5 പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം ഈ രണ്ടു പേർ സംഭവ സ്ഥലത്ത് എത്തിയതെന്നാണ് എക്സൈസിന്‍റെ ന്യായീകരണം. തിരുവല്ല സ്വദേശിയായ യുവതിയും കാസർകോഡ് സ്വദേശിയായ യുവാവുമാണ് എത്തിയത് എന്നാണ് എക്സൈസിന്‍റെ മഹസറില്‍ പറയുന്നത്. ഇവർക്ക് കേസിൽ ബന്ധമില്ലെന്നും ഇതിനാൽ വിട്ടയക്കുകയാണെന്നും മഹസറിലുണ്ട്.

പ്രതികള്‍ ലഹരി കടത്തിയ കാറിലുണ്ടായിരുന്ന വിദേശയിനം നായ്ക്കളെ ചട്ടം പാലിക്കാതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ഇത്തരം കേസുകളിൽ നായ്ക്കളെ മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയാണ് ചെയ്യേണ്ടത്. പ്രതികളില്‍ നിന്നും പിടികൂടിയ മാന്‍ കൊമ്പ് ഇന്നലെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ എക്സൈസ് കേസിലെ പ്രതികളെ പ്രതിചേര്‍ത്ത് വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചാല്‍ പ്രതികളുടെ അറസ്റ്റ് രേഖപെടുത്തും. എക്സൈസിന്‍റെ വകുപ്പതല അന്വേഷണ റിപോര്‍ട്ട് ഉടന്‍ കമ്മീഷണര്‍ക്ക് കൈമാറും.

Similar Posts