Kerala
കൊച്ചി- ലണ്ടൻ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി
Kerala

കൊച്ചി- ലണ്ടൻ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

Web Desk
|
22 Aug 2021 1:53 PM GMT

വിമാനം വൈകിയതിനെ തുടർന്ന് കുട്ടികളും രോഗികളും പ്രായമായവരുമുള്‍പ്പെടെ 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.

നെടുമ്പാശേരിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്ന് ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് യാത്രക്കാരുടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. പിന്നാലെയാണ് വിമാനം റ​ദ്ദാക്കിയത്.

വിമാനം വൈകിയതിനെ തുടർന്ന് 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.കുട്ടികളും രോഗികളും പ്രായമായവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. വിമാനം വൈകുന്നതിനെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. വിമാനം വൈകിയത് സംബന്ധിച്ച് എയർ ഇന്ത്യയും ഔദ്യോഗികമായി വിശദീകരണം നൽകിയിരുന്നില്ല.

യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റും. മുംബൈയിൽ നിന്നടക്കമുള്ള വിദഗ്ധ സംഘമെത്തി തകരാർ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളു. 18-ാം തീയതിയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിച്ചത്. ആഴ്ചയിൽ മൂന്ന് തവണയാണ് പ്രത്യേക സർവീസ്.

Similar Posts