Kerala
കൊച്ചി മെട്രോ തൂണിലെ ചരിവ്: കുറ്റക്കാരെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ലോക്‌നാഥ് ബെഹ്‌റ
Kerala

കൊച്ചി മെട്രോ തൂണിലെ ചരിവ്: കുറ്റക്കാരെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ലോക്‌നാഥ് ബെഹ്‌റ

Web Desk
|
16 Jun 2022 2:12 AM GMT

ഭൂമിക്കടിയിലെ പാറയിൽ തൂണിന്റെ പൈലുകൾ കൃത്യമായി ഉറപ്പിക്കാത്തതിനാലാണ് ചരിവ് സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു

കൊച്ചി: മെട്രോ തൂണിലെ ചരിവു സംബന്ധിച്ച് കുറ്റകക്കാരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ. പാതയിലൂടെ ട്രെയിൻ വീണ്ടും ഓടിക്കുന്നതിന് മുമ്പ് ട്രയൽ റൺ നടത്തും. മറ്റ് തൂണുകൾക്ക് പ്രശ്‌നം ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും കേന്ദ്രാനുമതി ലഭിച്ചാൽ മെട്രോ ലൈൻ തൃക്കക്കരയിലേക്ക് നീട്ടുക തങ്ങളുടെ ലക്ഷ്യമാണെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

രണ്ട് മുതൽ അഞ്ച് ഘട്ടം വരെ പ്രവൃത്തികൾ 2027നുള്ളിൽ പൂർത്തിയാക്കുമെന്നും മെട്രോയില ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്നും കൊച്ചി മെട്രോ എംഡി അറിയിച്ചു. മെട്രോ തൂണിലെ ചരിവ് പരിഹരിക്കാൻ ആരംഭിച്ച അറ്റകുറ്റപ്പണി മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാക്കാൻ അധികൃതർക്ക് സാധിക്കാത്തതിനെ ചൊല്ലി വലിയ രീതിയിലുള്ള വിമർശനം നേരിട്ടിരുന്നു. പത്തടിപ്പാലത്തെ കൊച്ചി മെട്രോയുടെ 347ാം നമ്പർ തൂണിൽ ഫെബ്രുവരിയിലാണ് ചരിവ് കണ്ടെത്തിയത്. ഇതോടെ പാതയിൽ ട്രെയിൻ ഗതാഗതം തകരാറിലായി. മാർച്ച് 19ന് തൂൺ ബലപ്പെടുത്താനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ പത്തടിപ്പാലത്തെ വഴിയിലും ഗതാഗതക്കുരുക്ക് രൂക്ഷമായി.

ഏപ്രിൽ അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു കൊച്ചി മെട്രോ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, നിർമാണം ആരംഭിച്ച് 77 ദിവസം പിന്നിട്ടിട്ടും പണി പൂർത്തിയായിരുന്നില്ല. പത്തടിപ്പാലം- ആലുവ റൂട്ടിൽ മെട്രോ ട്രെയിൻ ഇപ്പോഴും 20 മിനിറ്റ് ഇടവേളയിലാണ് സർവിസ് നടത്തുന്നത്. സ്‌കൂൾ, കോളജ് ക്ലാസുകൾ ആരംഭിച്ചതോടെ റോഡിലെ ഗതാഗതക്കുരുക്കും ഇരട്ടിയായി. അതേസമയം, നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്.

ഭൂമിക്കടിയിലെ പാറയിൽ തൂണിന്റെ പൈലുകൾ കൃത്യമായി ഉറപ്പിക്കാത്തതിനാലാണ് ചരിവ് സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു. മെട്രോ തൂണുകൾ നിർമിക്കുമ്പോൾ സാധാരണഗതിയിൽ നാല് പില്ലറുകൾ മണ്ണിലേക്ക് ഇറക്കി ഭൂമിക്കടിയിലുള്ള പാറയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇവിടെ അത്തരത്തിൽ യോജിപ്പിച്ചിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

വർഷങ്ങൾക്കുമുമ്പ് നടത്തിയ തൂണിന്റെ പൈലിങ്ങിൽ അറ്റകുറ്റപ്പണി നടക്കില്ലെന്ന വിലയിരുത്തിലിലാണ് ചരിവ് കണ്ടെത്തിയ സ്ഥലത്തെ പൈലിങ് ബലപ്പെടുത്താൻ തീരുമാനിച്ചത്. പിഴവ് സംഭവിച്ചെന്ന് ഡി.എം.ആർ.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനും തുറന്നുപറഞ്ഞിരുന്നു. ഗുരുതര പിഴവ് കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകാത്തതിൽ കൊച്ചി മെട്രോ അധികൃതർ വിമർശനം നേരിടുകയാണ്.

Similar Posts