കൊടകര കുഴൽപ്പണക്കേസ് വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് സ്റ്റണ്ട്; കെ. സുരേന്ദ്രൻ
|ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് കെ. സുരേന്ദ്രൻ
തൃശൂർ: കൊടകര കുഴൽപ്പണക്കേസ് വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആര്‍ക്കും എന്ത് ആരോപണവും ഉന്നയിക്കാം എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുന്ന പിആർ ഏജൻസി ആണ് ആരോപണങ്ങൾക്ക് പിന്നിലുള്ളത് എന്നും സുരേന്ദ്രൻ പറഞ്ഞു.
പൊലീസ് അന്വേഷിച്ച് ചാർജ് ഷീറ്റ് കൊടുത്ത കേസ് ആണിതെന്നും ആഭ്യന്തര വകുപ്പ് തന്റെ കൈയിൽ അല്ലല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഫീസ് സെക്രട്ടറിയെ രണ്ട് വർഷം മുമ്പ് പുറത്താക്കിയതാണെന്നും സുരേന്ദ്രൻ അറിയിച്ചു.
'2021 മെയ് മാസം മുതല്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളാണ് ഇപ്പോഴും ഉന്നയിക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് മനസിലാക്കിയിട്ടാണ് മുനയൊടിഞ്ഞ ആരോപണങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും വരുന്നത്. തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണം' -സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി തൃശുർ ജില്ലാ പ്രസിഡന്റ് കെ. കെ. അനീഷ്കുമാര്‍ രംഗത്തെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് പരാതിയില്‍ സതീശനെ രണ്ടുവര്‍ഷം മുന്‍പ് പുറത്താക്കിയതാണെന്നും അതിന്റെ വൈരാഗ്യത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അനീഷ്കുമാർ പറഞ്ഞു.