കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണം വേണമെന്ന് സിപിഎം
|ബിജെപി മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും സിപിഎം
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണം നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം. ബിജെപി മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും ഇത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
കേസ് കേരള പൊലീസ് തുടരന്വേഷിക്കുമെന്നാണ് സൂചന. കേസിൽ നിലവിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകൾ ഉള്ളതിനാൽ അത് അന്വേഷിക്കണം എന്ന ആവശ്യം കോടതിയെ അറിയിക്കുക എന്നതായിരിക്കും പൊലീസിന്റെ ആദ്യ നടപടി. അതിന് പിന്നാലെയുള്ള തുടരന്വേഷണത്തിനാണ് സിപിഎമ്മിന്റെ പച്ചക്കൊടി.
ഇന്ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി അടക്കം പങ്കെടുത്തിരുന്നു. നിയമപരമായ എല്ലാ സാധ്യതകളും തേടുക എന്നതാണ് സെക്രട്ടറിയേറ്റിലുണ്ടായ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പിൽ വിഷയം വലിയ രാഷ്ട്രീയച്ചർച്ചയാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. പാലക്കാട് വിഷയം സജീവചർച്ചയാക്കും.