Kerala
kodakara hawala case
Kerala

കൊടകര കുഴല്‍പ്പണക്കേസ്; തൃശൂരില്‍ 12 കോടിയോളം രൂപ നല്‍കിയെന്ന് ധര്‍മരാജന്‍റെ മൊഴി

Web Desk
|
4 Nov 2024 2:23 AM GMT

തെരഞ്ഞെടുപ്പിൽ പതിനൊന്നര കോടി രൂപ തിരുവനന്തപുരത്ത് വിതരണം ചെയ്‌തെന്നും ധർമരാജൻ മൊഴി നൽകി

തൃശൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി കള്ളപ്പണം എത്തിച്ചതിന്‍റെ കണക്കുകൾ വ്യക്തമാക്കി ഇടപാടുകാരൻ ധർമരാജന്‍റെ കൂടുതൽ മൊഴിവിവരങ്ങൾ പുറത്ത്. കൂടുതൽ കള്ളപ്പണം എത്തിച്ചത് തൃശൂരിലാണെന്നും 12 കോടി രൂപയോളം ജില്ലയില്‍ നല്‍കിയെന്നും മൊഴിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പിൽ പതിനൊന്നര കോടി രൂപ തിരുവനന്തപുരത്ത് വിതരണം ചെയ്‌തെന്നും ധർമരാജൻ മൊഴി നൽകി. പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ സേലത്ത് വച്ച് കവർച്ച ചെയ്യപ്പെട്ടെന്നും മൊഴിയിൽ പറയുന്നു. 2021 മാർച്ച് അഞ്ചിനും ഏപ്രിൽ അഞ്ചിനും മധ്യേ കള്ളപ്പണം ഒഴുക്കി കള്ളപ്പണം ഏറ്റുവാങ്ങിയവരുടെ പേരുകളും ധർമരാജൻ്റെ മൊഴിയിലുണ്ട്.

അതേസമയം കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ അറിവോടെയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായർ, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവർ പണം എത്തിക്കാന്‍ നിർദേശം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ബിജെപി ഓഫീസില്‍ പണം എത്തിച്ച ധര്‍മരാജന്‍ ഹവാല ഏജന്‍റാണെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവില്‍നിന്ന് എത്തിച്ചത് മൂന്നരക്കോടിയാണെന്നും ഇതില്‍ പറയുന്നു. കുഴല്‍പ്പണം കടത്ത് അന്വേഷിക്കേണ്ട ഇഡി, ഐടി വിഭാഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും കുറ്റപത്രത്തില്‍ അറിയിച്ചിട്ടുണ്ട്.

തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കുന്നത് പുതിയ വെളിപ്പെടുത്തൽ പരിശോധിച്ച ശേഷം മതിയെന്നാണ് പൊലീസ് തീരുമാനം.



Similar Posts