കൊടകര കുഴൽപ്പണക്കേസ്: അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക്
|പണം കൊടുത്തുവിട്ട ആളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചു
തൃശൂർ കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം ബിജെപി നേതാക്കളിലേക്ക്. ബിജെപി തൃശൂർ ജില്ലാ സെക്രട്ടറി കെ ആർ ഹരി ഉൾപ്പടെയുള്ളവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. അനധികൃത പണം സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.
തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ ഹരിക്ക് പുറമെ ട്രഷറർ സുജയ് സേനൻ, ആർ.എസ്.എസ് നേതാവ് കാശിനാഥൻ എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്യുക. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനില്‍ നായിക്കും ആർ.എസ്.എസ് പ്രവർത്തകൻ ധര്‍മ്മരാജനും ഇന്നലെ മൊഴി നൽകിയിരുന്നു.
പണം കൊണ്ടുവന്നത് ആര്‍ക്കാണെന്ന് സ്ഥിരീകരിക്കാനായാണ് ബിജെപി, ആർഎസ്എസ് നേതാക്കൾ ഉൾപ്പടെ കൂടതല്‍ പേരെ ചോദ്യം ചെയ്യുന്നത്. വാഹനാപകടമുണ്ടാക്കി കാറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജിന്റെ ഡ്രൈവർ ഷംജീർ നൽകിയ പരാതി.
ബിസിനസുമായി ബന്ധപ്പെട്ട് സുനിൽ നായിക്ക് നൽകിയ പണമാണെന്നും ഇതിന് രേഖകൾ ഉണ്ടെന്നുമാണ് നേരത്തെ ധർമ്മരാജ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് കളവാണെന്ന് ധര്മ്മരാജൻ മൊഴി നല്കി. സ്ത്രോതസ്സ് വെളിപ്പെടുത്താനാകാത്ത പണമാണ് കൊണ്ടുവന്നിരുന്നത്.അതിനാലാണ് കാറില്‍ മൂന്നര കോടി രൂപയുണ്ടെന്ന് മറച്ചുവെച്ചതെന്ന് ധര്‍മ്മരാജനും യുവമോര്‍ച്ച മുൻ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കും വ്യക്തമാക്കി. പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതൽ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
പണം കൊടുത്തുവിട്ട ആളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചു. പണം ആർക്ക് വേണ്ടിയാണ് കൊണ്ടുപോയതെന്നതിനെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട് .കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതിലൂടെ ഇതിനൊരു വ്യക്ത ലഭിക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്.
ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ച ധര്മ്മരാജെയും സുനില്‍ നായിക്കിനെയും ആവശ്യമെങ്കില്‍ വീണ്ടുംവിളിപ്പികകും. കേസിൽ ഒരു പ്രതിയുടെ ഭാര്യയുൾപ്പെടെ 20 പേരാണ് ഇതിനകം അറസ്റ്റിലായത്. ഒരു കോടിയോളം രൂപയാണ് പ്രതികളിൽ നിന്നായി കണ്ടെടുത്തത്. ഏപ്രിൽ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.