'കൊടകരയിൽ കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടക ബിജെപി എം.എൽ.എ'; പൊലീസ് റിപ്പോർട്ട്
|41.48 കോടി രൂപയാണ് കർണാടകയിൽ നിന്ന് കേരളത്തിൽ എത്തിച്ചത്
തൃശൂർ; കൊടകര കുഴൽപ്പണ കേസിൽ കേരളത്തിലേക്ക് കള്ളപ്പണം കൊടുത്തു വിട്ടത് കർണാടക ബിജെപി എംഎൽഎയെന്ന് പൊലീസ്. ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ടിലാണ് എം.എൽ.എയ്ക്കെതിരായ പരാമർശം. 41.48 കോടി രൂപയാണ് കർണാടകയിൽ നിന്ന് കേരളത്തിൽ എത്തിച്ചതെന്നാണ് റിപ്പോർട്ട്.
തൃശൂരിലെ ബിജെപി ഓഫീസിലേക്ക് പണം എത്തിച്ച ധർമരാജ് ആണ് 41 കോടിയുടെ പണം ഉണ്ടായിരുന്നതായി പൊലീസിന് മൊഴി നൽകിയത്. പണമെത്തിക്കാൻ പിന്നിൽ പ്രവർത്തിച്ചത് കർണാടകയിലെ ബിജെപി എംഎൽഎ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എം.എൽ.എയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം.ഗണേശൻ, ഓഫീസ് സെക്രട്ടറി ഗിരീഷൻ നായർ എന്നിവർ കള്ളപ്പണം കൈകാര്യം ചെയ്തെന്ന് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി ആറ് ചാക്കുകളിൽ കുഴൽപ്പണം എത്തിച്ചെന്നായിരുന്നു ഇന്നലെ തൃശൂർ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ ഗുരുതര വെളിപ്പെടുത്തൽ. എവിടെ നിന്നാണ് പണം കൊണ്ടുവന്നത് എന്ന് അറിയില്ലെന്നും ജില്ലാ ഭാരവാഹികളാണ് പണം കൈകാര്യം ചെയ്തതെന്നും ഇയാൾ പറഞ്ഞിരുന്നു.
പിന്നാലെ സതീശിനെ തള്ളി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ രംഗത്തെത്തി. സാമ്പത്തിക ക്രമക്കേട് പരാതിയിൽ പുറത്താക്കിയതിന്റെ വൈരാഗ്യമാണ് സതീഷിനെന്നായിരുന്നു ഇയാളുടെ വാദം. സതീശിന്റേത് തെരഞ്ഞെടുപ്പ് സ്റ്റ്ണ്ട് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പ്രതികരിച്ചു.
എന്നാൽ ആരോപണങ്ങൾ വെറുതേ ഉന്നയിക്കുകയല്ല എന്ന് ചൂണ്ടിക്കാട്ടി, തന്റെ വാദങ്ങളെ സാധൂകരിക്കുന്ന രേഖകളുമായാണ് സതീശ് ഇന്ന് മാധ്യമങ്ങളെ കണ്ടത്. തന്റെ ഭാഗം പൊലീസിന് മുമ്പിലും ഇഡിക്ക് മുമ്പിലും പറയാൻ തയ്യാറാണെന്നും സതീശ് പറയുന്നു.