9,000 പേർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് 1,000 വോട്ട് ലഭിച്ചത് വലിയ കാര്യമൊന്നുമല്ല: കൊടിക്കുന്നിൽ സുരേഷ്
|കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ തരൂരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് കൊടിക്കുന്നിൽ സുരേഷ്.
ന്യൂഡൽഹി: 9,000ൽ കൂടുൽ ആളുകൾ വോട്ട് ചെയ്ത ഒരു തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി 1,000 വോട്ട് നേടുന്നത് വലിയ കാര്യമല്ലെന്ന് കൊടിക്കുന്നിൽ സുരേഷ്. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശശി തരൂരിന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മല്ലികാർജുൻ ഖാർഗെ 8,000 വോട്ടുകൾ നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അസാധുവായ വോട്ടുകളിൽ ഭൂരിപക്ഷവും ഖാർഗെക്ക് ലഭിക്കേണ്ട വോട്ടുകളായിരുന്നു. എങ്കിലും മികച്ച വിജയമാണ് നേടാനായതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ശശി തരൂർ ഏതെങ്കിലും ആശയങ്ങൾ പ്രത്യേകമായി മുന്നോട്ടുവെച്ചതായി കരുതാനാവില്ല. ഖാർഗെയുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. പിസിസികൾ പുനഃസംഘടിപ്പിക്കും. തരൂരിന് ഒരു സംസ്ഥാനത്തും വലിയ തോതിൽ വോട്ട് നേടാൻ കഴിഞ്ഞിട്ടില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ തരൂരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് കൊടിക്കുന്നിൽ സുരേഷ്. തരൂർ പിൻമാറണമായിരുന്നുവെന്നും വോട്ടില്ലാത്ത ആളുകളുടെ വാക്ക് കേട്ടാണ് അദ്ദേഹം മത്സരിക്കുന്നതെന്നും കഴിഞ്ഞ ദിവസം കൊടിക്കുന്നിൽ പറഞ്ഞിരുന്നു.