Kerala
Kodinhi Faizal murder case ,special public prosecutor,latest malayalam news,കൊടിഞ്ഞി ഫൈസല്‍ വധക്കേസ്
Kerala

കൊടിഞ്ഞി ഫൈസൽ വധക്കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം സർക്കാർ വൈകിപ്പിച്ചെന്ന് സഹായ സമിതി

Lissy P
|
10 July 2024 3:10 AM GMT

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലാത്തത് ചൂണ്ടിക്കാട്ടി കേസ് തിരൂർ കോടതി കഴിഞ്ഞ മൂന്ന് തവണ മാറ്റിവെച്ചിരുന്നു

മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിൽ സർക്കാരിനെതിരെ ഫൈസൽ നിയമ സഹായ സമിതി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം സർക്കാർ വൈകിപ്പിച്ചുവെന്നും കേസുമായി ബന്ധപ്പെട്ട് സർക്കാറിന്റെ ഭാഗത്തുനിന്ന് ഫൈസലിന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലന്നും ഫൈസൽ നിയമസഹായ സമിതി ഭാരവാഹികൾ പറഞ്ഞു.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലാത്തത് ചൂണ്ടിക്കാട്ടി കൊടിഞ്ഞി ഫൈസൽ വധക്കേസ് തിരൂർ കോടതി കഴിഞ്ഞ മൂന്ന് തവണ മാറ്റിവെച്ചിരുന്നു. പ്രമുഖ അഭിഭാഷകൻ അഡ്വ. പി കുമാരൻ കുട്ടിയെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലിന്റെ കുടുംബം സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും സർക്കാർ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം.

ഫൈസലിന്റെ ഭാര്യ ജസ്‌ന സമർപ്പിച്ച ഹരജിയിലാണ് ക്കേസിൽ അഡ്വ. പി.കുമാരൻകുട്ടിയെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് . ആറ് ആഴ്ചക്കകം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ബിച്ചു കുര്യൻ തോമസിന്‍റെ ഉത്തരവിൽ പറയുന്നത്.

അതേസമയം, കേസിൽ പ്രതികളെ സംരക്ഷിക്കുന്ന പ്രവർത്തനമാണ് സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഫൈസലിന്റെ കുടുംബത്തിന് നീതി ലഭിക്കുന്ന പ്രവർത്തനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലന്നും ഫൈസൽ നിയമസഹായ സമിതി ഭാരവാഹികൾ പറഞ്ഞു.

2016 നവംബർ 19-ന് പുലർച്ചെയാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വെച്ച് ഫൈസൽ കൊല്ലപ്പെടുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ട ആർ എസ് എസ് പ്രവർത്തകർ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് ഇല്ലാത്തതിനാൽ മാറ്റിവച്ച കേസ് അടുത്ത മാസം 23ന് വീണ്ടും പരിഗണിക്കും.


Similar Posts