ജോർജ് എം തോമസിന്റെ പ്രസ്താവന പാർട്ടി വിരുദ്ധം; നടപടിയുണ്ടാവുമെന്ന് സൂചന നൽകി കോടിയേരി
|ഡിവൈഎഫ്‌ഐ നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ഷിജിന്റെ വിവാഹവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് വിവാദമായിരുന്നത്.
തിരുവനന്തപുരം: താമരശ്ശേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്രവിവാഹത്തിൽ വിവാദ പരാമർശം നടത്തിയ മുൻ തിരുവമ്പാടി എംഎൽഎയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായി ജോർജ് എം തോമസിനെതിരെ നടപടിയുണ്ടാവുമെന്ന് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോർജ് എം തോമസിന്റെ നിലപാട് പാർട്ടി വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നടപടി ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ഡിവൈഎഫ്‌ഐ നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ഷിജിന്റെ വിവാഹവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് വിവാദമായിരുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതംമാറ്റാൻ നീക്കം നടക്കുന്നുവെന്ന് പാർട്ടിരേഖകളിലുണ്ടെന്നാണ് ജോർജ് എം തോമസ് എഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സിപിഎം ജില്ലാ കമ്മിറ്റി തൊട്ടടുത്ത ദിവസം തന്നെ ജോർജ് എം തോമസിന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന് വ്യക്തമാക്കിയിരുന്നു. ജോർജ് എം തോമസിനെതിരെ നടപടിയുണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് കോടിയേരിയുടെ വാക്കുകൾ.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് ഒമ്പത് സംസ്ഥാനങ്ങളിൽ ആർഎസ്എസ് അക്രമം അഴിച്ചുവിട്ടു. മുസ്‌ലിംകൾക്കെതിരെയാണ് അക്രമം നടന്നത്. കേരളത്തിലും വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ കലാപം നടക്കുകയാണ്. അക്രമം നടത്തി തിരിച്ചുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.