Kerala
ഹൈദരലി തങ്ങൾ മതസൗഹാർദത്തിനുവേണ്ടി നിലകൊണ്ട വ്യക്തി: കോടിയേരി
Kerala

ഹൈദരലി തങ്ങൾ മതസൗഹാർദത്തിനുവേണ്ടി നിലകൊണ്ട വ്യക്തി: കോടിയേരി

Web Desk
|
6 March 2022 11:04 AM GMT

മുസ്‌ലിം ലീഗ് അധ്യക്ഷനായ ശേഷവും തങ്ങൾ പല ഘട്ടങ്ങളിലും സ്വന്തം നിലപാട് പ്രകടിപ്പിച്ച് നേതൃശേഷി തെളിയിച്ചുവെന്നും കോടിയേരി അനുസ്മരിച്ചു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മതസൗഹാർദത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അനേകം മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അനാഥ മന്ദിരങ്ങളുടെയും സാരഥിയെന്ന നിലയിൽ വലിയൊരു വിഭാഗം അവരുടെ ആശ്രയമായാണ് തങ്ങളെ കണ്ടിരുന്നതെന്നും കോടിയേരി പറഞ്ഞു. മുസ്‌ലിം ലീഗ് അധ്യക്ഷനായ ശേഷവും അദ്ദേഹം പല ഘട്ടങ്ങളിലും സ്വന്തം നിലപാട് പ്രകടിപ്പിച്ച് നേതൃശേഷി തെളിയിച്ചുവെന്നും കോടിയേരി അനുസ്മരിച്ചു.

അനുസ്മരണക്കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിന്റെ പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന ഉന്നത രാഷ്ട്രീയ നേതാവായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. രാഷ്ട്രീയ നേതാവായിരിക്കുമ്പോൾ തന്നെ ആത്മീയ നേതാവുമായിരുന്നു അദ്ദേഹം. അനേകം മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അനാഥ മന്ദിരങ്ങളുടേയും സാരഥിയെന്ന നിലയിൽ വലിയൊരു വിഭാഗം അവരുടെ ആശ്രയമായാണ് തങ്ങളെ കണ്ടിരുന്നത്. പാണക്കാട് തങ്ങൾ കുടുംബം മുസ്ലീം ലീഗിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയെന്ന കീഴ് വഴക്കമനുസരിച്ചാണ് 13 വർഷം മുമ്പ് അദ്ദേഹം ലീഗ് അധ്യക്ഷനായത്. അതിന് ശേഷമാകട്ടെ പല ഘട്ടങ്ങളിലും സ്വന്തം നിലപാട് പ്രകടിപ്പിച്ച് അദ്ദേഹം നേതൃശേഷി തെളിയിച്ചു.

ന്യൂനപക്ഷ മതത്തിന്റെ പേരിലെ രാഷ്ട്രീയ കക്ഷിയുടെ തലവനായിരുന്നിട്ടും സംസ്ഥാനത്ത് മതസൗഹാർദ്ദത്തിനു വേണ്ടി പൊതുവിൽ നിലകൊണ്ടു. ഞാനടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി നല്ല വ്യക്തി ബന്ധമായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്. ആധുനിക കേരളത്തിനായുള്ള പദ്ധതികളും പരിപാടികളും മനസ്സിലാക്കാനുള്ള താല്പര്യമുണ്ടായിരുന്ന ലീഗിലെ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

Similar Posts