Kerala
ഒന്നോ രണ്ടോ വർഷത്തിന് മുമ്പ് ആടിയ പൊറാട്ടുനാടകം വീണ്ടും അവതരിപ്പിക്കുന്നു; വിമർശനവുമായി കോടിയേരി
Kerala

'ഒന്നോ രണ്ടോ വർഷത്തിന് മുമ്പ് ആടിയ പൊറാട്ടുനാടകം വീണ്ടും അവതരിപ്പിക്കുന്നു'; വിമർശനവുമായി കോടിയേരി

Web Desk
|
10 Jun 2022 2:59 AM GMT

'തൃക്കാക്കരയിലെ യു.ഡി.എഫ് വിജയം ഒറ്റപ്പെട്ട സംഭവമാണ്. ഇത് സ്ഥായിയോ തുടർപ്രതിഭാസമോ അല്ല'

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാറിനെ അസ്ഥിരീകരിക്കാൻ പ്രതിപക്ഷം അധാർമിക മാർഗങ്ങൾ സ്വീകരിക്കുകയാണെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. 'അധമരാഷ്ട്രീയം വാഴില്ല' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയും കോടിയേരി തള്ളുന്നത്.

'ജനങ്ങൾ തള്ളിയ പെരുംനുണ വീണ്ടും എഴുന്നള്ളിക്കുന്നവരെ നാട് ഒറ്റപ്പെടുത്തും. ഒന്നോ രണ്ടോ വർഷത്തിന് മുമ്പ് ആടിയ പൊറാട്ടുനാടകം വീണ്ടും അവതരിപ്പിക്കുന്നു. തൃക്കാക്കര ഫലത്തിന്റെ മറവിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കാനാണ് ശ്രമമെന്നും' ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

'തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ അതിശയോക്തിയായാണ് ചില കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്നത്. യു.ഡി.എഫിന്‍റെ വിജയം സ്ഥായിയല്ലെന്നും എല്‍.ഡി.എഫ് വോട്ടുകള്‍ വര്‍ധിച്ചതായും ലേഖനത്തില്‍ പറയുന്നു. തൃക്കാക്കരയിലെ യുഡിഎഫ് വിജയം ഒറ്റപ്പെട്ട സംഭവമാണ്. ഇത് സ്ഥായിയോ തുടർപ്രതിഭാസമോ അല്ല. സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ വർഗപരമായ ഒരു അടിയൊഴുക്കും ഉണ്ടായിട്ടില്ല.'

അതേസമയം, തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവിൽ അക്രമവും അരാജകത്വവും സൃഷ്ടിച്ച് എൽഡിഎഫ് ഭരണത്തിന്റെ ജനക്ഷേമവികസന പ്രവർത്തനങ്ങളെ തടയാനിറങ്ങുന്ന പ്രതിപക്ഷനയം വിനാശകരമാണ് എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Similar Posts